പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ ബീഗം കുൽസൂം അന്തരിച്ചു
Wed,Sep 12,2018

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ ബീഗം കുൽസൂം (68) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ലിംഫോമ ബാധിച്ച് ഏറെക്കാലമായി ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം രാത്രി ആരോഗ്യനില വഷളാവുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കുൽസൂമിന് ലിംഫോമ ബാധയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ലണ്ടനിലെ ആശുപത്രിയിൽ നിരവധി ശസ്ത്രക്രിയകൾക്കും കീമോ തെറപ്പികൾക്കും വിധേയയായി. ജൂണിൽ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന്
വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
. അഴിമതിക്കേസിൽ അറസ്റ്റ് വരിക്കാൻ ഷരീഫും മകളും യാത്രപറയുമ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചിരുന്നു.
പാനമരേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ ഷരീഫിനെ
സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് കുൽസൂമിനെയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഷരീഫ് രാജിവെച്ചതിനെ തുടർന്നു എൻ.എ 120 മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുൽസൂം വിജയിച്ചു. മൂന്നുതവണ പാക്കിസ്ഥാന്റെ
പ്രഥമ വനിത പദം വഹിച്ചിട്ടുണ്ട്(1990-93, 1997-99, 2013-17). 1950ൽ ലാഹോറിലെ കശ്മീരി കുടുംബത്തിലാണ് ജനനം. ഫോർമൻ ക്രിസ്റ്റ്യൻ കോളജിൽനിന്ന് ബിരുദവും പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഉർദുവിൽ ബിരുദാനന്തര ബിരുദവും നേടി.
1970 ലാണ് ഷരീഫുമായുള്ള വിവാഹം. മുൻ സൈനിക ഭരണാധികാരി പർവേശ് മുഷർറഫ് ഷരീഫിനെ പുറത്താക്കിയപ്പോൾ ഭാര്യയെയും മകളെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു.ഭര്‍ത്താവിന്റെ
അഭാവത്തിൽ പാർട്ടിനേതൃത്വവും ഏറ്റെടുക്കയുണ്ടായിഹസൻ, ഹുസൈൻ, മർയം, അസ്മ എന്നിവരാണ് മക്കൾ.
അതേസമയം ഭാര്യയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാന്‍
ജയിലിൽ കഴിയുന്ന നവാസ് ഷരീഫിനും മകൾ മർയമിനും മരുമകൻ മുഹമ്മദ് സഫ്ദറിനും പരോൾ അനുവദിച്ചു.
ചടങ്ങുകൾ പൂർത്തിയായാലുടൻ ഇവർ ജയിലിലേക്ക് മടങ്ങുമെന്നും ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. പരോളിനായുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു.