ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം

Fri,Oct 05,2018


ബാഗ്ദാദ്: ഇറാക്കിലെ യസിദി സമൂഹം അനുഭവിച്ച അതിക്രൂരമായ പീഡനങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമാണ് നാദിയ മുരാദ്. ആരും തകര്‍ന്നു പോകുന്ന ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നുവെങ്കിലും, സ്വന്തം ഇച്ഛാശക്തി കൊണ്ട് അവയെല്ലാം അതിജീവിച്ച ഈ ഇരുപത്തിയഞ്ചുകാരി യസീദി സമൂഹത്തിന്റെ ആഗോള പര്യായമായി മാറിയിട്ടുണ്ട്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് കോംഗോയില്‍ നിന്നുള്ള ഡോ.ഡെനിസ് മുക്‌വെജിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ലോകത്തിന്റെ ആദരമാണ് നാദിയയെ തേടിയെത്തിയിരിക്കുന്നത്. ലൈംഗിക അതിക്രമം യുദ്ധത്തിനുള്ള ഒരുപകരണമായി ഉപയോഗിക്കുന്നതിനെതിരേ ഇവര്‍ നടത്തുന്ന പോരാട്ടമാണ് അവാര്‍ഡിനായി ഇവരെ പരിഗണിക്കുന്നതിനു പ്രേരണയായതെന്ന് നോബല്‍ കമ്മിറ്റി പറഞ്ഞു.
സിറിയന്‍ അതിര്‍ത്തിക്കടുത്ത് വടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ മലയോര മേഖലയില്‍ യസീദികള്‍ക്ക് വലിയ സ്വാധീനമുള്ള ഒരു ഗ്രാമത്തില്‍ ശാന്തമായ ജീവിതം നയിച്ചിരുന്ന നാദിയയുടെ ജീവിതം മാറിമറിഞ്ഞത് ഐ.എസ് ഭീകരരുടെ വളര്‍ച്ചയോടെയാണ്. 2014 ല്‍ ഇറാക്കിലും സിറിയയിലും ഐ.എസ് ഭീകരര്‍ അഴിഞ്ഞാട്ടം ആരംഭിച്ചതോടെ യസീദുകളുടെ പേടിസ്വപ്നം ആരംഭിക്കുകയായിരുന്നു. അക്കൊല്ലം ഓഗസ്റ്റില്‍ ജിഹാദികളുടെ കറുത്ത പതാകയും വഹിച്ചു കൊണ്ട് നിരവധി പിക്കപ് ട്രക്കുകള്‍ നാദിയ താമസിച്ചിരുന്ന കോഹോ ഗ്രാമത്തിലെത്തി. കണ്ണില്‍ കണ്ട പുരുഷന്മാരെയൊക്കെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കുട്ടികളെ പിടികൂടിയത് അവരെ പരിശീലിപ്പിച്ച് ഭീകരരാക്കുക എന്ന ലക്ഷ്യത്തോടെയാണ്. യുവതികളെ ബലമായി പിടിച്ചു കൊണ്ടുപോയി കഠിന ജോലികള്‍ക്ക് നിയോഗിക്കുകയും, നിര്‍ബന്ധിത വേശ്യവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയന്റെ 2016 ലെ സഹറോവ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൈസിന് കൂട്ടുകീരി ലാമിയ ഹാജി ബഷാറിനൊപ്പം അര്‍ഹയായ നാദിയ കാണാതായ മൂവായിരത്തോളം യസീദികളുടെ മോചനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഐ.എസ് ഭീകരരുടെ തടവില്‍ ഇവര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. ഐ.എസ് ഭീകരര്‍ ഞങ്ങളുടെ ആദരവ് എടുത്തുകളയാനാണ് ശ്രമിച്ചത്. പക്ഷേ, അവര്‍ക്ക് സ്വയം ആദരവ് നഷ്ടപ്പെടുകയായിരുന്നുവെന്ന് മനുഷ്യക്കടത്തിനെ അതിജീവിക്കുന്നവരുടെ യു.എന്‍ ഗുഡിവില്‍ അംബാസഡര്‍ കൂടിയായ നാദിയ പറഞ്ഞു. ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത ക്രൂരതയാണ് ഭീകരരുടെ തടവില്‍ കഴിയേണ്ടി വന്ന മൂന്നു മാസം നാദിയ അനുഭവിച്ചത്.
ഗ്രാമത്തില്‍ നിന്ന ഭീകരരുടെ പിടിയിലായ നാദിയയെ ജിഹാദികള്‍ 'തലസ്ഥാനമെന്ന്' വിശേഷിപ്പിച്ച മൊസൂളിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ കൂട്ട ബലാല്‍സംഗത്തിനും, പീഡനത്തിനും, മര്‍ദത്തിനും അവള്‍ ഇരയായി. വനിതകളെയും പെണ്‍കുട്ടികളെയും വില്‍ക്കുന്നതിന് ഭീകരര്‍ അടിമ മാര്‍ക്കറ്റ് രൂപീകരിച്ചിരുന്നു. യസീദികളെ നികൃഷ്ട ജീവികളെ പോലെയാണ് ഭീകരര്‍ കണ്ടിരുന്നത്. തങ്ങളുടെ മതം ഉപേക്ഷിക്കുകയാമെന്നു പ്രഖ്യാപിക്കുവാന്‍ യസീദി വനിതകളെ ഭീകരര്‍ നിര്‍ബന്ധിച്ചിരുന്നു. ആയിരക്കണക്കിനു യസീദി യുവതികളെപ്പോലെ ഒരു ജിഹാദിയെ വിവാഹം ചെയ്യാന്‍ നാദിയയും നിര്‍ബന്ധിതയായി. കൊടിയ മര്‍ദനവും പീഢനവുമാണ് പിന്നീടും അവള്‍ക്ക് അനുഭവിക്കേണ്ടി വന്നു.. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ മുമ്പാകെ തനിക്ക് അനുഭവിക്കേണ്ടി വന്ന യാതനകള്‍ നാദിയ പിന്നീട് വിവരിച്ചത് ലോകം നടുക്കത്തോടെയാണ് ശ്രവിച്ചത്. ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തുന്ന കാര്യമാണ് അവര്‍ ആദ്യം നടത്തിയതെന്ന് നാദിയ പറഞ്ഞു. കൊടിയ പീഢനത്തില്‍ നിന്നു രക്ഷപ്പെടാന്‍ അതിസാഹസികമായി ഒളിച്ചോടുന്നതിന് നാദിയ തയാറായി. മൊസൂളിലുള്ള ഒരു മുസ്ലിം കുടുംബം ഇതിന് അവളെ സഹായിച്ചു. വ്യാജ രഖകളുണ്ടാക്കി, പലായനം ചെയ്യുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്ന് അനേകം കിലോമീറ്റര്‍ സഞ്ചരിച്ച് ഇറാക്കി കുര്‍ദസ്ഥാനില്‍ നാദിയ എത്തി. അവിടെ ചിതറിക്കപ്പെട്ട യസീദികളുടെ ഒരു ക്യാമ്പില്‍ അവള്‍ അഭയം തേടി. തന്റെ ആറു സഹോദരന്മാരും, അമ്മയും കൊല്ലപ്പെട്ടുവെന്ന നടുക്കുന്ന വാര്‍ത്ത അവിടെ വച്ചാണ് നാദിയ അറിഞ്ഞത്.
യസീദികളുടെ സഹായത്തിനെത്തിയ സംഘടനകളുടെ പിന്തുണയില്‍ സഹോദരിക്കൊപ്പം നാദിയ ജര്‍മനിയില്‍ അഭയം തേടി. 'എന്റെ ജനതയുടെ പോരാട്ട'ത്തിനു വേണ്ടി നാദിയ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. 2014 നു മുമ്പ് അഞ്ചര ലക്ഷത്തോളം യസീദികള്‍ ഇറാക്കിലുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ രാജ്യത്തു നിന്ന് പിന്നീട് പലായനം ചെയ്തു. ഇറാക്കി കുര്‍ദിസ്ഥാനിലേക്ക് രക്ഷപ്പെട്ടവര്‍ തങ്ങളുടെ പരമ്പരാഗത ദേശത്തേക്കു മടങ്ങാന്‍ ഇപ്പോഴും മടിക്കുകയാണ്.
ഐ.എസ് ഭീകരര്‍ മന:പൂര്‍വം വംശഹത്യയ്ക്കു ശ്രമിച്ച ഒരു സമൂഹത്തിന്റെ അന്താരാഷ്ട്ര മുഖമായി നാദിയ മാറിയിട്ടുണ്ട്. യസീദി സമൂഹത്തിനു വേണ്ടി ലബനീസ് - ബ്രിട്ടീഷ് വംശജനും മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അമല്‍ ക്ലൂണി നടത്തുന്ന നീക്കങ്ങള്‍ ഈ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഇപ്പോള്‍ കരുത്തു പകരുന്നു. 2017 ല്‍ നാദിയയുടെ ജീവിതം പരാമര്‍ശിച്ച് ക്ലൂണി എഴുതിയ ' ദ ലാസ്റ്റ് ഗേള്‍' എന്ന പുസ്തകം ലോക ശ്രദ്ധ നേടി. ഒരു കൊച്ചു കുട്ടിയുടെ മുഖഭാവവും, നീണ്ട ചെമ്പന്‍ മുടിയുമുള്ള നാദിയയെ പൊതുവേ വിഷാദ ഭാവത്തോടെയാണ് കണ്ടിട്ടുള്ളത്. അടുത്തയിടെയുള്ള ചിത്രങ്ങളില്‍ ആ മുഖത്ത് സന്തോഷത്തിന്റെ നേരിയ ഭാവങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. യസീദി പ്രവര്‍ത്തകനായ അബിദ് ഷംദീനുമായി വിവാഹിതയാകാന്‍ പോവുകയാണെന്ന കാര്യം ഓഗസ്റ്റില്‍ നാദിയ പങ്കുവച്ചിരുന്നു. തങ്ങളുടെ ജനതയ്ക്കു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നു, ഇനി സംയുക്തമായി പോരാട്ടം തുടരുമെന്നും നാദിയ കുറിച്ചു.

Other News

 • കിം ജോങ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ട്രമ്പിന്റെ ഉറച്ച പിന്തുണ ലഭിച്ചെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ
 • ശ്രീ​ല​ങ്ക: 41 പേ​രു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ച്ചു
 • ഐ.എസില്‍ ചേര്‍ന്ന മൂന്ന് ഫ്രഞ്ച് പൗരന്മാര്‍ക്ക് ഇറാക്കി കോടതി വധശിക്ഷയ്ക്ക് വിധിച്ചു
 • പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി പീറ്റര്‍ ഒ. നീല്‍ രാജിവെച്ചു
 • ആഗോള തലത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് : സ്പേസ് എക്സ് 60 ഇന്റര്‍നെറ്റ് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
 • തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് സ്ഥാനമൊഴിയും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • എക്‌സിറ്റ് ഫലങ്ങള്‍ ചീറ്റിപ്പോയി; ഓസ്‌ട്രേലിയയില്‍ മോറിസന്റെ കൂട്ടുകക്ഷിക്ക് വീണ്ടും ഭൂരിപക്ഷം
 • ബ്രെ​ക്​​സി​റ്റ്​: കോ​ർ​ബി​നും മേ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ല്ല
 • ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു
 • താ​യ്​​വാ​നി​ൽ സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യം
 • Write A Comment

   
  Reload Image
  Add code here