പാക്കിസ്ഥാന് റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
Wed,Oct 10,2018

ഇസ്ലാമബാദ്: ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പാക്കിസ്ഥാന് റുപ്പീയുടെ മൂല്യം പത്ത് ശതമാനം വരെ കുറഞ്ഞു.
രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് സഹായനടപടികള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുന്ന വേളയിലാണ് റുപ്പീസിന് കനത്ത മൂല്യശോഷണമുണ്ടായത്.
പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പാക്കിസ്ഥാനെ പുതിയ ഇസ്് ലാമിക ക്ഷേമരാഷ്ട്രമായി പുനര്‍ നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനുപകരം ധനവ്യയം വര്‍ധിപ്പിക്കുകയും കമ്മി പരിഹരിക്കുന്നതിന് നികുതികള്‍ വര്‍ധിപ്പിക്കുയും ചെയ്യുന്ന നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് സൂചന. അതേ സമയം രാജ്യത്തെ രൂപയുടെ മൂല്യം കുറയുകയും നാണയപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുകയാണ്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ലോക ബാങ്കില്‍ നിന്ന് വായ്പയായി 12 ബില്ല്യന്‍ ഡോളര്‍ സമാഹരിക്കാനായാണ് പാക്കിസ്ഥാന് അവസാന വട്ട ശ്രമം നടത്തിയിരുന്നത്.
വന്‍ സമ്പത്ത് നേടിത്തന്നിരുന്ന കൂണ്വ്യവസായത്തിന് ഉണ്ടായ തിരിച്ചടിയാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വ്യാപാരക്കമ്മിയും പ്രതിസന്ധിയും മാന്ദ്യവും സൃഷ്ടിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തിക സഹായം പാക്കിസ്ഥാന്റെ വ്യാപാര-നയതന്ത്ര പങ്കാളിയായ ചൈനയെയും ബാധിക്കും. തങ്ങളുടെ അടിസ്ഥാന സൗകര്യനിര്‍മ്മാണ പദ്ധതിയുടെ ആഗോള പ്രദര്‍ശന കേന്ദ്രമായി പാക്കിസ്ഥാനെ മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ചൈന. ഇതിനായി ചൈനയുമായി പാക്കിസ്ഥാന് ഉണ്ടാക്കിയ കരാറുകള്‍ അമിത ബാധ്യതകള്‍ എന്ന നിലയില്‍ വെട്ടിച്ചുരുക്കാന്‍ ഐ.എം.എഫ് ആവശ്യപ്പെട്ടേക്കുമെന്ന് പാക്കിസ്ഥാനി അധികൃതര്‍ വ്യക്തമാക്കി. 62 ബില്യന്‍ഡോളര്‍ മുതല്‍മുടക്കുള്ള വന്‍ പദ്ധതി പാക്കിസ്ഥാനില്‍ നടപ്പാക്കാനാണ് ചൈന തയ്യാറായിരിക്കുന്നത്. ആധുനിക റോഡുകളുടെയും പവര്‍ പ്ലാന്റുകളുടേയും, തുറമുഖത്തിന്റേയും നിര്‍മാണമാണ് ചൈനീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യാപാര സംഘര്‍ഷങ്ങള്‍ അതിജീവിച്ചുവേണം പാക്കിസ്ഥാന് ലോകബാങ്ക് സഹായം ഉറപ്പാക്കുവാന്‍. രാജ്യങ്ങളെ കടക്കെണിയില്‍ പെടുത്തുന്ന സാമ്പത്തിക നയങ്ങളാണ് ചൈന പിന്തുടരുന്നതെന്ന ആരോപണമാണ് കഴിഞ്ഞ ജൂലൈയില്‍ അമേരിക്ക പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. പാക്കിസ്ഥാന് ഐഎംഎഫ് കൊടുക്കുന്ന ഒരു സാമ്പത്തിക സഹായവും ചൈനയുടെ സഹായത്തോടെ തിരിച്ചടക്കാന്‍ കഴിയുകയില്ല എന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അധികാരത്തില്‍ വരുന്നതിന് മുമ്പ് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഐഎംഎഫ് വായ്പ സ്വീകരിക്കുന്നതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു.
സ്വന്തമായി ആഭ്യന്തര ധനസമാഹരണമോ, അയല്‍ രാജ്യങ്ങളില്‍ നിന്ന് കടപ്പത്രങ്ങളിലൂടെ ധനസഹായം സ്വീകരിക്കണമെന്നോ, വിദേശത്തുള്ള പാക്കിസ്ഥാനികളില്‍നിന്ന് നിക്ഷേപ സമാഹരണം നടത്തണമെന്നോ ആണ് ഇമ്രാന് ഖാന്റെ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നത്. ഐഐംഎഫ് ലോണ്‍ ചെറുതാക്കുന്നതിന്റെ ഭാഗമായി സഖ്യകക്ഷികളായ സൗദി അറേബ്യയില്‍ നിന്നോ, യുഎഇയില്‍ നിന്നോ ചൈനയില്‍ നിന്നോ സാമ്പത്തിക സഹായം പ്രതീക്ഷിക്കുകയാണെന്ന് തിങ്കളാഴ്ച പാക് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തിന്റെ വ്യാപാരക്കമ്മിയുടെ തോത് നിയന്ത്രിക്കുന്ന പ്രധാന ഘടകം. ചൈനയുമായി സ്വതന്ത്രമായ ഒരു വ്യാപാര ബന്ധം സ്ഥാപിക്കുന്നതിനും നിലവിലെ വ്യാപാര നയം പൊളിച്ചെഴുതുന്നതിനും ഉള്ള നീക്കമാണ് രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുക എന്നാണ് പാക് ഉദ്യോഗസ്ഥര്‍ രഹസ്യമായി ആവശ്യപ്പെടുന്നത്. ചൈനീസ് ഉത്പന്നങ്ങളുമായുള്ള അനാവശ്യ മത്സരം ഒഴിവാക്കാന്‍ ഇതാണ് മാര്‍ഗമെന്നും അവര്‍ പറയുന്നു.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പരിഷ്ക്കരണ തീരുമാനങ്ങളിലേക്ക് നീങ്ങുകയാണെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ചൗധരി ഫവാദ് ഖാന് ചൊവ്വാഴ്ച അറിയിച്ചിരുന്നു. 2019 ജൂണില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ലോണുകളും അവയുടെ പലിശയും അടച്ചുതീര്‍ക്കാന്‍ 8 ബില്യന്‍ ഡോളര്‍ ആവശ്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.