അല്‍ ഐയ്നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് അഭിഭാഷകന്
Sun,Nov 25,2018

ദുബായ്: അല്‍ ഐയ്നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് കോടതിയില്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണെന്നും മക്കള്‍ പിതാവിനൊപ്പം മൊറോക്കയില്‍ ആണു താമസമെന്നും അഭിഭാഷകന് കോടതിയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ പത്തുവര്‍ഷമായി യുവതി യുഎഇയില്‍ ആണു താമസം. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കൊല്ലപ്പെട്ട യുവാവിനെ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയും ചെയ്തത്. അടുത്തടുത്ത കടകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
സംഭവം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളുമായി കറങ്ങാന്‍ പോയിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ യുവതിയെ തിരികെ വീട്ടിലെത്തിച്ചതും കാമുകന് തന്നെയാണ്. തുടര്‍ന്ന് ഉച്ചയോടെ വീണ്ടും യാത്രപോകാന്‍ കാമുകന് യുവതിയെ വിളിച്ചെങ്കിലും അവര്‍ അതിനു സമ്മതിച്ചില്ല. മറ്റൊരു ഫ്ലാറ്റിലേക്കു താമസം മാറുന്നതിന്റെ തിരക്കിലായിരുന്ന യുവതി വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനു തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ കാമുകന് യുവതിയെ അടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തല മേശയില്‍ ഇടിപ്പിക്കുകയും ചെയ്തതായി അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവതി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് കാമുകന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു എന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അഭിഭാഷകന് പറഞ്ഞു. യുവതി . അന്വേഷണം പുരോഗമിക്കുകയാണെന്നും കേസ് വീണ്ടും ഡിസംബര്‍ 31ന് പരിഗണിക്കുമെന്നും അഭിഭാഷകന് പറഞ്ഞു. 24 ദൃക്സാക്ഷികളെ കേസില്‍ വിസ്തരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചുവെന്ന് അല്‍ ഐയ്ന്‍ പൊലീസ് അധികൃതര്‍ പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്.