മടക്കാവുന്ന ആപ്പിള്‍ ഐപ്പാഡ് 2021 ല്‍


AUGUST 9, 2019, 3:00 PM IST

സാന്‍ഫ്രാന്‍സിസ്‌ക്കോ: മടക്കിവയ്ക്കാവുന്ന ഐ ഫോണ്‍ എന്ന ഉപഭോക്താക്കളുടെ ദീര്‍ഘകാല ആവശ്യത്തിന് ആപ്പിളിന്റെ മറുപടി ഒരു ഐപാഡ്. 2021 ല്‍ കമ്പനി മടക്കാവുന്ന ഉപകരണം ലോഞ്ച് ചെയ്യുമെന്നും അത് പക്ഷെ ഐപാഡാകാനാണ് സാധ്യതയെന്നും സ്വിസ് ഇന്‍വെസ്റ്റ്ബാങ്കായ യുബിഎസിലെ വിശകലന വിദഗ്ദ്ധര്‍ പ്രവചിച്ചു. മടക്കിവയ്ക്കാവുന്ന ഐ ഫോണിനായി  തങ്ങള്‍ 600 ഡോളര്‍ വരെ അധികം ചെലവഴിക്കാന്‍ തയ്യാറാണെന്ന ഉപഭോക്താക്കളുടെ ഇംഗിതം പുറത്തുവന്നതിനെ  തുടര്‍ന്ന് ആപ്പിള്‍ വളയ്ക്കാവുന്ന ഉപകരണങ്ങള്‍ക്ക് പേറ്റന്റ് നേടിയിരുന്നു.

പുസ്തകത്തിന്റെ മാതൃകയില്‍ തുറക്കാനും അടക്കാനും കഴിയുന്ന ടച്ച് സെന്‍സറുകളോട് കൂടിയ ഉപകരണവും മടക്കി പോക്കറ്റില്‍വയ്ക്കാവുന്ന ഐഫോണുമായിരുന്നു അത്. ഇപ്പോള്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ മടക്കിവയ്ക്കാവുന്ന ഉപകരണം പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

 ഇതിന് പുറമെ സെപ്തംബറില്‍ ആപ്പിള്‍ പുതിയ ഐഫോണുകള്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഐഫോണ്‍ 11 ന്റെ മൂന്ന് പുതിയ മോഡലുകളാണ് ഈ വര്‍ഷം പുറത്തിറക്കുക.ഐ ഫോണ്‍ എക്‌സ്എസ് മാക്‌സിന് പകരം ഡി43 യും ഐഫോണ്‍ എക്‌സ് എസിന് പകരം ഡി42 വും എന്‍104 ന് പകരം ഐഫോണ്‍ എക്‌സ് ആറും കമ്പനി പുറത്തിറക്കും.

പുറകുവശത്ത് തിരിയുന്ന മൂന്ന് ക്യാമറകള്‍ ഘടിപ്പിച്ചായിരിക്കും പുതിയ ഫോണുകള്‍ രംഗത്തെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News