കോര്‍പറേറ്റ് നികുതി 25 ശതമാനമായി കുറച്ചിട്ടും ഓഹരി വിപണി കൂപ്പുകുത്തി


JULY 8, 2019, 3:49 PM IST

ന്യൂഡല്‍ഹി: 3000 കോടി രൂപയുടെ വരുമാനനഷ്ടം സഹിച്ച് കോര്‍പറേറ്റ് നികുതി 25 ശതമാനം കുറച്ച കേന്ദസര്‍ക്കാര്‍ നടപടിയിലൂടെ 4,000 കമ്പനികള്‍ കൂടി കൂടുതല്‍ ലാഭം കൊയ്യുമെങ്കിലും ഓഹരിവിപണിയില്‍ പുതിയ പരിഷ്‌ക്കാരം പ്രതിഫലിച്ചില്ല.

വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 422 പോയന്റ് താഴ്ന്ന് 39,101.49ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തില്‍ 11682.20 എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയില്‍ വ്യാപാരത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1926 കമ്പനികളുടെ ഓഹരികളില്‍ 436 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്.

ഹീറോ മോട്ടോകോര്‍പ്, ലാര്‍സെന്‍, ഐഒസി, ഒഎന്‍ജിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്കാണ് കനത്ത ഇടിവ് നേരിട്ടത്.

വരുമാന പരിധി അടിസ്ഥാനമാക്കാതെ എല്ലാ കമ്പനികളുടേയും കോര്‍പറേറ്റ് നികുതി ആസിയാന്‍ രാജ്യങ്ങള്‍ക്ക് തുല്യമായ 20-24 ശതമാനമാക്കി മാറ്റണമെന്ന ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തിന്റെ ആവശ്യം നടപ്പിലാകാത്തതിനാല്‍ വ്യാപാരരംഗം നിരാശയിലാണെന്നാണ് സൂചനകള്‍.

നേരത്തെ 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമായിരുന്നു 25 ശതമാനം നികുതി നല്‍കേണ്ടിയിരുന്നതെങ്കിലും ഇപ്പോഴത്തെ ബജറ്റില്‍ ഇത് 400 കോടി വിറ്റുവരുമാനമുള്ള കമ്പനികള്‍ക്കുകൂടി ബാധകമാക്കിയിരുന്നു.ഇതോടെ മൊത്തം 6000 കമ്പനികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകാനുള്ള സാഹചര്യം സംജാതമായി. എന്നിട്ടും പുതിയ നികുതി പരിഷ്‌ക്കരണത്തോട് കോര്‍പറേറ്റ് രംഗം അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നുതന്നെയാണ് ഓഹരിയുടെ തകര്‍ച്ച വ്യക്തമാക്കുന്നത്. 

Other News