ജെറ്റ് എയര്‍വേസിനെ ലേലത്തില്‍ വയ്ക്കാനുള്ള പ്രമേയം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അംഗീകരിച്ചു


AUGUST 7, 2019, 6:01 PM IST

ന്യൂഡല്‍ഹി:ജെറ്റ് എയര്‍വേസിനെ ലേലത്തില്‍ വയ്ക്കാനുള്ള പ്രമേയം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അംഗീകരിച്ചു. 1000 കോടി ആസ്തിയുള്ള കമ്പനികള്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ പാടൂ എന്ന നിബന്ധന നേരത്തെ ബാങ്കുകള്‍ അംഗീകരിച്ചിരുന്നു. ഇതുള്‍പ്പടെ മറ്റ് മാനദണ്ഢങ്ങളാണ് കണ്‍സോര്‍ഷ്യത്തിന്റെ മീറ്റിംഗില്‍ അംഗീകരിക്കപ്പെട്ടത്. ഇക്കാര്യം അറിയിച്ചുകൊണ്ട് റെസല്യൂഷന്‍ പ്രൊഫഷണലായ അശീഷ് ച്വച്ചാറിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കത്തെഴുതി. ഇതോടെ പ്രവര്‍ത്തനം നിറുത്തിയ ജെറ്റ് എയര്‍വേസിന്റെ ലേലനടപടികള്‍ ദ്രുതഗതിയിലാകും.

വന്‍ കടബാധ്യത താങ്ങാനാകാതെ ഏപ്രില്‍ 18നാണ് ജെറ്റ് എയര്‍വേസ് നിലത്തിറക്കിയത്. തുടര്‍ന്ന് ജൂണ്‍ 20 ന് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ ജെറ്റ് എയര്‍വേസിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള അപേക്ഷ സ്വീകരിച്ചു.

കമ്പനിയ്ക്ക് 8500 ഓളം കോടി രൂപ വായ്പ നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇതിനോടകം ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി കമ്പനിയെ ലേലത്തില്‍ വക്കാനുള്ള അപേക്ഷ ഇവര്‍ നിയമ ട്രിബ്യൂണലിന് കൈമാറി. വ്യാഴാഴ്ച ട്രിബ്യൂണല്‍ കമ്പനിയുടെ പാപ്പരത്വകേസിന്റെ വാദം കേള്‍ക്കുന്നുണ്ട്.  അന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

നിലവില്‍ നാല് കമ്പനികള്‍ ജെറ്റ് എയര്‍വേസില്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

Other News