അദാനി ഡേറ്റ സ്റ്റോറേജ് മേഖലയിലേക്ക് 


JULY 16, 2019, 4:11 PM IST

രത്‌നവ്യാപാരം, ഖനനം, തുറമുഖങ്ങൾ, ഊർജോത്പാദനം തുടങ്ങിയ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അദാനി ഗ്രൂപ്പ് ഡേറ്റ സ്റ്റോറേജ് മേഖലയിലേക്ക് തിരിയുകയാണ്.

നിലവിൽ 10 ബില്യൺ ഡോളർ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ ഗൗതം അദാനി ഇനി ലക്ഷ്യം വയ്ക്കുന്നത് ആമസോൺ, ആൽഫബെറ്റ് കമ്പനിയുടെ ഗൂഗിൾ എന്നിവക്ക് ഡേറ്റ സംഭരണ സേവനങ്ങൾ വിൽക്കാനാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അദാനിയുടെ നീക്കത്തിന് ബിജെപി സർക്കാരിന്റെ  പിന്തുണയുണ്ടെന്ന് വേണമെങ്കിൽ കരുതാം.  ഡേറ്റ  തദ്ദേശീയമായിത്തന്നെ സൂക്ഷിക്കുന്നതിന് നിർബ്ബന്ധിക്കുന്ന ഒരു നിയമം പാസാക്കുന്ന കാര്യം പരിഗണിക്കുകയാണ് മോഡി  ഗവണ്മെന്റ്. 

അടുത്ത രണ്ടു ദശകങ്ങൾക്കുള്ളിൽ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഡേറ്റ സംഭരണ പാർക്കുകൾ സ്ഥാപിക്കുന്നതിനായി 700 ബില്യൺ രൂപ (10.2 ബില്യൺ ഡോളർ) നിക്ഷേപിക്കുന്നതിനാണ് അദാനി ആലോചിക്കുന്നത്. സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗം വ്യാപകമാകുന്നതോടെ വിദേശ ടെക് കമ്പനികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് നീക്കം.

Other News