2030 നുശേഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മാത്രം അനുമതി 


JUNE 24, 2019, 7:11 PM IST

2030നു ശേഷം  ഇലക്ട്രിക്ക് വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന് ഗവണ്മെന്റിന്റെ നയ രൂപീകരണ വിദഗ്ധസമിതിയായ  നീതി ആയോഗിന്റെ നിര്‍ദ്ദേശം. ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കപ്പുറത്തേക്കും കഌന്‍ എനര്‍ജി സാങ്കേതിക വിദ്യ വ്യാപിപ്പിക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. 

2025 മുതല്‍ 150 സിസി ശേഷിയുള്ള  ഇലക്ട്രിക്ക്  ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും മാത്രമേ വില്‍ക്കാവൂവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള സമിതി നേരത്തെ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍  വിവിധ മന്ത്രാലയങ്ങള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള കാബിനറ്റ് നോട്ടും അവര്‍ തയ്യാറാക്കിയിരിക്കുകയാണ്.

2030  ആകുമ്പോഴേക്കും  ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ വില്‍പ്പന ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ആവിഷ്‌ക്കരിക്കുന്നതിനു റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയത്തെയാണ് ചുമതലപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ ഹൈവേകളില്‍ക്കൂടി ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഓടത്തക്ക വിധം അവയ്ക്ക് മുകളില്‍ വൈദ്യുതി ശ്രുംഖല സ്ഥാപിക്കുന്ന ഇഹൈവേയ്‌സ് പദ്ധതി തയ്യാറാക്കുന്നതിനും മന്ത്രാലയത്തെ ചുമതലപ്പെടുത്തി. 2030  ആകുമ്പോഴേക്കും മണിക്കൂറില്‍ 50 ഗിഗാവാട്ട് ശേഷിയുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്കൊപ്പംതന്നെയാണ് ഇതിനുള്ള നിര്‍ദ്ദേശവും പോയിട്ടുള്ളത്. 


Other News