കേരളത്തിന്റെ ഇ-ഓട്ടോയ്ക്ക് വിദേശത്തും ആവശ്യക്കാര്‍


NOVEMBER 8, 2019, 1:50 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിര്‍മ്മിച്ച വൈദ്യുത ഓട്ടോറിക്ഷ 'നീംജി'ക്ക് വിദേശത്തുനിന്നും ആവശ്യക്കാര്‍. കെനിയ,ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഓട്ടോ ഇറക്കുമതി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കെനിയയിലെ ഒരു സ്വകാര്യം ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചുവെന്നും കരാര്‍ നടപ്പിലാകുന്ന പക്ഷം ആയിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും നീംജിയെക്കുറിച്ച് അന്വേഷിച്ച് കമ്പനികള്‍ എത്തുന്നുണ്ട്.

 പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.) ലിമിറ്റഡ് ആവിഷ്‌ക്കരിച്ച് നിര്‍മ്മിച്ച നീംജി കഴിഞ്ഞയാഴ്ചയാണു നിരത്തിലിറക്കിയത്. അന്നുമുതല്‍ ഒട്ടേറെപ്പേര്‍ ഓട്ടോ ആവശ്യപ്പെട്ട് എത്തുന്നുണ്ടെന്ന് കെ.എ.എല്‍. മാനേജിങ് ഡയറക്ടര്‍ എ.ഷാജഹാന്‍ പറഞ്ഞു.

ആദ്യം അന്വേഷണം വന്നത് ഈജിപ്തില്‍നിന്നാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഇതിനകം അന്വേഷണം വന്നുകഴിഞ്ഞു. ജനുവരിയോടെ അടുത്ത ബാച്ച് ഓട്ടോകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍.

Other News