സ്വര്‍ണ വില വര്‍ധന റോക്കറ്റ് വേഗത്തില്‍; പവന് 40,160 രൂപ


AUGUST 1, 2020, 4:42 PM IST

കൊച്ചി: സ്വര്‍ണവില വര്‍ധന റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്ന് പവന് 160 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 40,160 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5020 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ പത്താം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു വര്‍ഷംകൊണ്ട് 14,080 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

ജനുവരിയില്‍ 30,000 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈയിലാണ് സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്തിയത്. കോവിഡിനെത്തുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചതുമാണ് പെട്ടെന്നുള്ള വില വര്‍ധനക്ക് കാരണം. 

അമേരിക്ക-ചൈന വ്യാപാര യുദ്ധവും യു.എസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമെല്ലാം വില വര്‍ധനയെ സ്വാധിനീച്ചിട്ടുണ്ട്. അമേരിക്കയില്‍ കോവിഡ് രൂക്ഷമായതിനാല്‍ ഓഹരി വിപണികളില്‍നിന്ന് മാറി സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനാണ് നിക്ഷേപകര്‍ താല്‍പര്യപ്പെടുന്നത്.