ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ നാലാക്കി കുറച്ച മൈക്രോസോഫ്റ്റിന്റെ ഉദ്യമത്തിന് മികച്ച ഫലം!


NOVEMBER 6, 2019, 6:06 PM IST

ടോക്കിയോ:  ആഴ്ചയിലെ പ്രവൃത്തി ദിനങ്ങള്‍ നാലുദിവസമാക്കി കുറച്ച് മൈക്രോസോഫ്റ്റ് നടത്തിയ ഉദ്യമത്തിന് മികച്ച ഫലം. അമിതജോലിയ്ക്ക് കുപ്രസിദ്ധി നേടിയ ജപ്പാനിലാണ് ഐ.ടി ഭീമന്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. ഇവിടെയുള്ള ഓഫീസുകള്‍ വ്യാഴാഴ്ച പൂട്ടി മറ്റു ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. മീറ്റിംഗ് സമയം അരമണിക്കൂറാക്കി കുറയ്ക്കുകയും ആശയവിനിമയം വീഡിയോ കോളിലൂടെയാക്കി മാറ്റുകയുമായിരുന്നു. ആഗസ്റ്റ് മാസത്തിലാണ് രാജ്യത്തെ വിവിധ ശാഖകളിലായി ജോലി ചെയ്യുന്ന 2300 തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക അവധി പ്രഖ്യാപിച്ചത്.

ഇതുകൊണ്ടുണ്ടായ ഫലം മികച്ചതായിരുന്നുവെന്ന അത്ഭുതപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് തുടര്‍ന്ന് വന്നത്. ഓരോ ജീവനക്കാരന്റെ ഉത്പാദനക്ഷമതയിലും കാര്യമായ വര്‍ധനയാണുണ്ടായത്. ഓരോ ജീവനക്കാരന്റെയും ജോലിയ്ക്ക് ആനുപാതികമായി സൃഷ്ടിക്കപ്പെടുന്ന ലാഭം  40 ശതമാനം വളര്‍ന്നു. മാത്രമല്ല, വൈദ്യുതി,പേപ്പറുപയോഗത്തിലെ കുറവുകാരണം ചെലവ് വളരെയധികം കുറയുകയും ചെയ്തു. വരുന്ന ശൈത്യകാലത്തും സമാനമായി തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. 

ജോലിസ്ഥലത്ത് നൂതനപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാനുള്ള ജാപ്പാനീസ് സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത്.

Other News