സൗദി ആരാംകോയുമായുള്ള കരാര്‍ കടം ഇല്ലാതാക്കാനാണെന്ന് മുകേഷ് അംബാനി


AUGUST 13, 2019, 7:55 PM IST

മൂംബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടത്തിയ മൂലധന ചെലുകളെ തുടര്‍ന്ന് ഉയര്‍ന്ന കടം നികത്താനാണ് ആരാംകോയുമായുള്ള കരാറിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുകയെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി.  കമ്പനി ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ മീറ്റിംഗില്‍ സംസാരിക്കവേയാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിന്റെ ഫലമായി 76 ബില്യണ്‍ ഡോളര്‍ കടമാണ് കമ്പനിയ്ക്കുണ്ടായിരിക്കുന്നത്. വരുന്ന 18 മാസങ്ങള്‍ക്കുള്ളില്‍ കടംനികത്തി സീറോ നെറ്റ് ഡെബ്റ്റ് കമ്പനി എന്ന ബഹുമതി നേടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2016 ല്‍ അണ്‍ലിമിറ്റഡ് ഫോണ്‍കോളുകളും ഫ്രീഡാറ്റയും നല്‍കി ജിയോ തുടങ്ങിയത് 50 ബില്ല്യണ്‍ നിക്ഷേപത്തിലൂടെയായിരുന്നു. ഇതിനെ തുടര്‍ന്ന് ടെലികോം വ്യവസായത്തിന്റെ മുഖച്ഛായ മാറ്റാന്‍ അംബാനിയ്ക്കായി. എന്നാല്‍ ഇതിനെ തുടര്‍ന്നുണ്ടായ ബാധ്യത വളര്‍ച്ചയെ ബാധിക്കുമോ എന്ന ശങ്കയാണ് ആരാംകോയുമായുള്ള ഇടപാടിലേയ്‌ക്കെത്തിച്ചത്. റേറ്റിംഗ് ഏജന്‍സികള്‍ ഇത്തരത്തിലുള്ള സൂചന കമ്പനി മാനേജ്‌മെന്റിന് കൈമാറി എന്നാണ് അറിയാന്‍ കഴിയുന്നത്. 

ഏതാണ്ട് 75 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് സൗദി ആരാംകോ ഇതിനായി ചെലവഴിക്കുക. അതായത് സൗദി ആരാംകോ  റിലയന്‍സ് ഇന്റസ്ട്രിയുടെ ഓയില്‍ റിഫൈനറി ആന്റ് കെമിക്കല്‍ ബിസിനസില്‍ 20 ശതമാനം ഓഹരികള്‍ വാങ്ങുക.പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിക്ക് നല്‍കും. പകരമായി റിലയന്‍സിന്റെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിലും ജാംനഗറിലെ ഇരട്ട റിഫൈനറിയിലും സൗദി ആരാംകോയ്ക്ക് 20 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരിക്കും.സൗദി അറേബ്യന്‍ നാഷണല്‍ പെട്രോളിയം ആന്റ് നാച്വുറല്‍ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൗദി ആരാംകോ വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തില്‍ ലോകത്തില്‍തന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ്.

Other News