ഇന്ത്യയില്‍ ജിയോയ്ക്ക് കുതിപ്പ്. നഷ്ടങ്ങളുടെ വിപണിയില്‍ ജിയോ മാത്രമാണ് നേട്ടം കൊയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായം 4,881 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 3,795 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, രണ്ടാം പാദത്തില്‍ 4,729 കോടി രൂപയായിരുന്നു ജിയോയുടെ അറ്റാദായം.
19,347 കോടി രൂപയില്‍ നിന്ന് കമ്പനിയുടെ മൊത്തം വരുമാനം19 ശതമാനം വര്‍ധിച്ച് മൂന്നാം പാദത്തില്‍ 22,998 കോടി രൂപയിലെത്തി. വാര്‍ഷിക പ്രവര്‍ത്തന ചെലവ് 16 ശതമാനം ഉയര്‍ന്ന് 7,227 കോടി രൂപയായും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം ചെലവുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 14,655 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 16,839 കോടി രൂപയായി ഉയര്‍ന്നു.
ഓരോ ഉപയോക്താവില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ലഭിക്കുന്ന ശരാശരി വരുമാനം (അഞജഡ) 178.2 രൂപയാണ്. ഇത് മുന്‍ പാദത്തിലെ 177.2 രൂപയേക്കാള്‍ കാര്യമായി കൂടിയിട്ടില്ലെന്നും ജിയോ പറയുന്നു. ഡേറ്റാ ട്രാഫിക്ക് രണ്ടാം പാദത്തിലെ 2820 കോടി ജിബിയില്‍ നിന്ന് മൂന്നാം പാദത്തില്‍ 2900 കോടി ജിബിയായി ഉയര്‍ന്നിട്ടുണ്ട്.
ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.76 കോടിയില്‍ നിന്ന് 43.29 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ജിയോ ട്രൂ5ജി തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ 134 നഗരങ്ങളില്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തുടനീളം 5ജി ലഭ്യമാക്കുമെന്നും റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി അറിയിച്ചു.