റിസര്‍വ് ബാങ്കിനു ശേഷം കേന്ദ്രസര്‍ക്കാറുമായി ഏറ്റുമുട്ടാന്‍ സെബി


JULY 20, 2019, 5:15 PM IST

ന്യൂഡല്‍ഹി: കരുതല്‍ ധനം കേന്ദസര്‍ക്കാറിനെ ഏല്‍പിക്കണമെന്ന ബജറ്റ് നിര്‍ദ്ദേശത്തോട് നിഷേധാത്മക സമീപനവുമായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അധികൃതര്‍.കരുതല്‍ ധനം സര്‍ക്കാരിന് കൈമാറണമെന്ന നിര്‍ദേശം നടപ്പായാല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സ്വയംഭരണം നഷ്ടമാകുമെന്നും സര്‍ക്കാരിന്റെ വരുമാന സ്രോതസ്സെന്ന നിസ്സാര സ്ഥാപനമായി സെബി ചുരുങ്ങുമെന്നും സെബിയിലെ ജീവനക്കാരുടെ സംഘടന ആശങ്ക പ്രകടിപ്പിച്ചു.ലാഭനഷ്ടങ്ങളുടെ പേരില്‍ പിന്നീട് സ്ഥാപനത്തെ ചോദ്യം ചെയ്യുന്നതിലേക്ക് വരെ ഇത് നീളാം. മാത്രമല്ല, കമ്പനികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഉയര്‍ന്ന ഫീസ് വാങ്ങി സര്‍ക്കാരിന് നല്‍കുന്നത് അധിക നികുതിയാകുമെന്നും അധികൃതര്‍ പറയുന്നു. ഇപ്പോള്‍ ആവശ്യാനുസരണം ഫീസ് കൂട്ടാനും കുറയ്ക്കാനും സെബിക്ക് അധികാരമുണ്ട്. 

കരുതല്‍ധനം സര്‍ക്കാറിന് നല്‍കിയാല്‍ സെബിയുടെ പ്രവര്‍ത്തനഫണ്ടിനായി പിന്നീട് കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ കൈനീട്ടേണ്ടി വരും. പൊതുമേഖലാ കമ്പനികളുടെ കാര്യത്തില്‍ സര്‍ക്കാരുമായി സുദൃഢമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ഇതു തടസ്സമുണ്ടാകുമെന്നും സെബി അധികൃതര്‍ ആശങ്കപ്പെടുന്നുണ്ട്.

നേരത്തെ ലിസ്റ്റ് ചെയ്ത പൊതുമേഖല സ്ഥാപനങ്ങളിലെ  പൊതുപങ്കാളിത്തം 30 ശതമാനമായി ഉയര്‍ത്തണമെന്ന ബജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് സെബി ചെയര്‍മാന്‍ അജിയ് ത്യാഗി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ അറിയിച്ചിരുന്നു. നിലവിലെ 25  ശതമാനത്തിന്റെ കടമ്പ കടക്കാന്‍ തന്നെ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് സെബി ചെയര്‍മാന്‍ ധനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ പറയുന്നു. ബാങ്കുകള്‍ ഉള്‍പ്പടെ 31 പൊതുമേഖല സ്ഥാപനങ്ങളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പലതിലും സര്‍ക്കാര്‍ ഓഹരികള്‍ 90 ശതമാനമാണ്. ഇത് ലിക്വിഡേറ്റ് ചെയ്ത് സ്വകാര്യവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാറിനുള്ളത്.

നേരത്തെ ഒന്നാം മോഡി സര്‍ക്കാറിന്റെ കാലത്ത് റിസര്‍വ് ബാങ്കിനോടും കരുതല്‍ ധനം വാങ്ങിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. അതിനെ ചൊല്ലി വന്‍ വിവാദമുണ്ടാക്കുകയും ആര്‍ബിഐ ഡയറക്ടറുടെ രാജിയിലേയ്ക്ക് അത് വഴിവക്കുകയും ചെയ്തു.

Other News