ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്ന സ്ഥാപനങ്ങളുടെ  എണ്ണം കുറയുന്നു


JULY 15, 2019, 3:08 PM IST

കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനിയും സ്വീകാര്യത നേടിയിട്ടില്ലെന്ന് വ്യക്തം.

ലഭ്യമാകുന്ന സ്ഥിതിവിവര കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് മാസങ്ങളായി ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം നിരന്തരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിക്കും മേയ്ക്കുമിടയിൽ ജിഎസ് ടി റിട്ടേൺ ഫയൽചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ 8 ലക്ഷത്തോളം കുറവ് സംഭവിക്കുകയുണ്ടായി. രാജ്യത്ത് ജിഎസ് ടി ഫയൽ ചെയ്യുന്ന ആകെ സ്ഥാപനങ്ങളുടെ 10 ശതമാനത്തോളം വരുമിത്.

ഏറ്റവുമൊടുവിലത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജിഎസ് ടി ആർ3 ബി ഫോമുകൾ  ഫയൽചെയ്യേണ്ട സ്ഥാപനങ്ങളുടെ എണ്ണം 1.03 കോടി യാണ്.എന്നാൽ മേയിൽ 75 ലക്ഷത്തിൽപ്പരം സ്ഥാപനങ്ങൾ മാത്രമാണ് ഫോം ഫയൽ ചെയ്തത്. ജി എസ് ടി നിയമപ്രകാരം റിട്ടേണുകൾ സമർപ്പിക്കേണ്ട ബിസിനസ് സ്ഥാപനങ്ങളുടെ നാലിലൊരു ഭാഗം അത് ചെയ്തിട്ടില്ല എന്നാണിതിനർത്ഥം.

ജിഎസ് ടി നികുതികൾ നൽകുന്ന സ്ഥാപനങ്ങളെല്ലാം റിട്ടേണുകൾ സമർപ്പിക്കുന്നില്ലെന്നു രാജ്യസഭയിൽ ഗവണ്മെന്റ് സമ്മതിച്ചു. ജി എസ് ടി നൽകാത്തവരെ പിടികൂടാൻ വ്യാപകമായ ഒരു പരിപാടിക്ക് ഗവണ്മെന്റ് രൂപം നൽകുന്നതായി ധന സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പ്രസ്തുത സ്ഥാപനങ്ങൾ നികുതി ഓഫിസർമാർ സന്ദർശിക്കുന്നതുൾപ്പടെയുള്ള  പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

Other News