ആര്‍ട്ടിക്കില്‍ റഷ്യയും ചൈനയും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കാനഡ

ആര്‍ട്ടിക്കില്‍ റഷ്യയും ചൈനയും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കാനഡ


ഒന്റാരിയോ: ആര്‍ട്ടിക്കിലെ റഷ്യന്‍, ചൈനീസ് പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതി കാനഡ അവതരിപ്പിച്ചു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വര്‍ധിച്ചുവരുന്ന ഭീഷണികള്‍ക്കിടയില്‍ ആര്‍ട്ടിക് മേഖലയില്‍ സൈനിക, നയതന്ത്ര സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള വിപുലമായ സുരക്ഷാ പദ്ധതിയാണ് കാനഡ വെളിപ്പെടുത്തിയത്.

അല്‍ ജസീറയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ പ്രവര്‍ത്തനം വര്‍ധിച്ച സമയത്താണ് കാനഡ ആര്‍ട്ടിക് തന്ത്രം ഉയര്‍ത്തുന്നത്.

റഷ്യയുടെ ആയുധപരീക്ഷണവും മിസൈല്‍ സംവിധാനങ്ങളുടെ വിന്യാസവും 'വിഷമിപ്പിക്കുന്നത്' എന്നാണ് ഒട്ടാവ വിശേഷിപ്പിച്ചത്. മാത്രമല്ല, ഈ മേഖലയിലേക്ക് ചൈന പതിവായി കപ്പലുകള്‍ അയക്കുന്നതിനെ കുറിച്ചും കാനഡ ആശങ്കാകുലരാണ്. കപ്പലുകളില്‍ ഇരട്ട-ഉപയോഗ സൈനിക-ഗവേഷണ ശേഷികള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഡേറ്റ ശേഖരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആര്‍ട്ടിക് മേഖലയെ സഹകരണത്തോടെ കൈകാര്യം ചെയ്യാന്‍ കാനഡ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഈ പ്രദേശം വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തില്‍  'വലിയ ബുദ്ധിമുട്ടിലാണ്' എന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി അഭിപ്രായപ്പെട്ടു.

തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി കാനഡ നയതന്ത്ര, സുരക്ഷാ നടപടികളുടെ പരമ്പര പുറത്തിറക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് പറയുന്നു.

അലാസ്‌കയിലെ ആങ്കറേജിലും ഗ്രീന്‍ലാന്‍ഡിലെ നൂക്കിലും കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുക, ആര്‍ട്ടിക് നയങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു അംബാസഡറെ നിയമിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബ്യൂഫോര്‍ട്ട് കടലിനെച്ചൊല്ലി അമേരിക്കയുമായും ഹാന്‍സ് ദ്വീപിനെച്ചൊല്ലി ഡെന്മാര്‍ക്കുമായുള്ള മറ്റൊന്നും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനും കാനഡ ശ്രമിക്കുന്നു.

കൂടാതെ, നിരീക്ഷണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തദ്ദേശീയ സമൂഹങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജപ്പാനുമായും ദക്ഷിണ കൊറിയയുമായും സഹകരണം വര്‍ധിപ്പിക്കാനും ഒട്ടാവ പദ്ധതിയിടുന്നു.

സൈനിക മുന്നണിയില്‍, കാനഡയുടെ തന്ത്രത്തില്‍ കഠിനവും അതിശൈത്യവുമായ ആര്‍ട്ടിക് പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി കാനഡ പുതിയ പട്രോളിംഗ് കപ്പലുകള്‍, നേവി ഡിസ്‌ട്രോയറുകള്‍, ഐസ് ബ്രേക്കറുകള്‍, മഞ്ഞുപാളികള്‍ക്കടിയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ എന്നിവ വിന്യസിക്കും.

ഡ്രോണുകളുടെയും വിമാനങ്ങളുടെയും ഉപയോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ആര്‍ട്ടിക് മേഖലയിലെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ ഊന്നിപ്പറഞ്ഞു.

4.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ആര്‍ട്ടിക് ഈയിടെ ഭൗമരാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. 

റഷ്യ അതിന്റെ നാവിക സാന്നിധ്യം വിപുലീകരിക്കുകയും മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിക്കുകയും ചെയ്തു. അതേസമയം ചൈന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഗവേഷണ കപ്പലുകള്‍ അയച്ചിട്ടുണ്ട്.

ആര്‍ട്ടിക് മഞ്ഞുപാളിയുടെ ദ്രുതഗതിയിലുള്ള ഉരുകല്‍ ഈ പ്രദേശത്തെ വ്യാപാര വഴികള്‍ക്കും വിഭവ പര്യവേക്ഷണത്തിനും കൂടുതല്‍ പ്രാപ്യമാക്കുകയും മത്സരം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.

ആര്‍ട്ടിക് രാഷ്ട്രങ്ങളല്ലാത്ത ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളും എണ്ണ, വാതകം, ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള സാങ്കേതികവിദ്യകളില്‍ ഉപയോഗിക്കുന്ന നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വിശാലമായ പ്രകൃതി വിഭവങ്ങള്‍ക്കായി ഈ മേഖലയെ ഉറ്റുനോക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പിരിമുറുക്കം വര്‍ധിക്കുന്നതിനനുസരിച്ച് ആര്‍ട്ടിക് കൗണ്‍സില്‍ പോലെയുള്ള സഹകരണ ചട്ടക്കൂടുകളിലൂടെ ചരിത്രപരമായി കൈകാര്യം ചെയ്യപ്പെടുന്ന ആര്‍ട്ടിക് സ്ഥിരത അപകടത്തിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍ട്ടിക്കില്‍ റഷ്യയും ചൈനയും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കാനഡ