കനേഡിയൻ പൗരനെ കസ്റ്റഡിയിലെടുത്തത് മയക്കുമരുന്ന് കൈവശംവച്ച കേസിലെന്ന് ചൈന


JULY 16, 2019, 2:10 PM IST

ഓട്ടവ: കനേഡിയൻ പൗരൻ അറസ്റ്റ് ചെയ്യപ്പെട്ടത് മയക്കുമരുന്ന് കൈവശംവച്ച കേസിലാണെന്ന് ചൈന സ്ഥിരീകരിച്ചു. നേരത്തെ ചൈനയിലെ യാൻടായ് നഗരത്തിൽ വച്ച് കനേഡിയൻ പൗരൻ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നല്ലാതെ കൂടുതൽ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തുവിട്ടിരുന്നില്ല. 

 ഒരാഴ്ചമുൻപ് യാൻടായിയിൽ നിന്നും 600 കി.മീ അകലെ വച്ച് 19 ഓളം വിദേശ അധ്യാപകരുംവിദ്യാർത്ഥികളും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കനേഡിയൻ പൗരന്റെ അറസ്റ്റിന് ഈ സംഭവുമായി ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല. ഒടുവിൽ ചൈന തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കയാണ്.

അതേസമയം ചൈന കനേഡിയൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി കനേഡിയൻ കൺസർവേറ്റീവ് പ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. ഹുവായി സിഎഫ്ഒ മെങ് വാൻഴു കാനഡയിൽ അറസ്റ്റിലായതിന് പ്രതികാരമായി നേരത്തെ ചൈന രണ്ട് കനേഡിയൻ പൗരൻമാരെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പുറമെ നിരവധി കനേഡിയൻ ഉത്പന്നങ്ങൾക്ക് ചൈന ഇറക്കുമതി നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ഇപ്പോഴത്തെ അറസ്റ്റിനും വാൻഴുവിന്റെ അറസ്റ്റുമായി ബന്ധമുണ്ടെന്നാണ് കാനഡയും അന്തർദ്ദേശീയ സമൂഹവും കരുതുന്നത്.

നേരത്തെ അമേരിക്കയുടെ സമ്മർദ്ദ ഫലമായാണ് വാൻഴുവിനെ അറസ്റ്റ് ചെയ്തതെന്നും അതുകൊണ്ടുതന്നെ ചൈന നടത്തുന്ന പ്രതികാരനടപടികൾ അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടണമെന്നും കാനഡ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യു.എസ് ഈ കാര്യത്തിൽ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.

Other News