ടോറന്റോ: കോവിഡ് വാക്സിനേഷന് സ്വീകരിച്ചതിന് ശേഷവും ആയിരക്കണക്കിന് മടക്കയാത്രക്കാര്ക്ക് കാനഡയിലെത്തുമ്പോള്‍ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടി വരുന്നത് നിരാശപ്പെടുത്തുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രാബല്യത്തില്‍ വന്ന പുതിയ ക്വാറന്റൈന് നടപടികള്‍ പ്രകാരം മടങ്ങിയെത്തുന്നവര്‍ പി സി ആര് ടെസ്റ്റുകളും ഒരു ഹോട്ടലില്‍ മൂന്നുദിവസം ക്വാറന്റൈന് നിര്‍വഹിക്കുകയും വേണം. ഇതിനായിര രണ്ടായിരം ഡോളറാണ് ഓരോരുത്തരും ചെലവഴിക്കേണ്ടി വരുന്നത്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം രോഗം ഗുരുതരമാകാതിരിക്കാന്‍ വാക്സിനുകള്‍ സഹായിക്കുമെങ്കിലും വ്യക്തികളില്‍ രോഗവ്യാപനം തടയാന്‍ വാക്സിന് സഹായിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നിട്ടും ഫ്ളോറിഡ പോലുള്ള ജനപ്രിയ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന കനേഡിയന്മാര് ഫെഡറല്‍ സര്‍ക്കാറിന്റെ ഉത്തരവില്‍ രോഷം പ്രകടിപ്പിക്കുകയാണ്. താന്‍ രണ്ട് വാക്സിനേഷനുമെടുത്ത കനേഡിയനാണെന്നും എന്നിട്ടും തനിക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വന്നുവെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
ടെസ്റ്റ് നടത്തുന്നതിനും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നതിനും വിമാനത്തില്‍ കയറി ടോറന്റോയിലേക്ക് പറക്കുന്നതിനും തങ്ങള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിലും തങ്ങളെ ഹോട്ടലില്‍ ക്വാറന്റൈന് ചെയ്യിക്കുന്നത് പ്രയാസകരമാണെന്നാണ് ഒരാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലില്‍ മൂന്നു രാത്രി താമസത്തിനായി കനേഡിയന്മാരെ രണ്ടായിരം ഡോളറില്‍ കൂടുതല്‍ നല്കാന് നിര്‍ബന്ധിക്കുന്നത് യുക്തിരഹിതവും സാമ്പത്തിക ബുദ്ധിമുട്ടുമാണുണ്ടാക്കുന്നതെന്ന് യാത്ര ചെയ്യുന്ന കനേഡിയന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ കനേഡിയന്‍ സ്നോബേര്‍ഡ് അസോസിയേഷന് പ്രസിഡന്റ് കാരെന് ഹ്യൂസ്റ്റിസ് ഗതാഗത മന്ത്രി ഒമര്‍ അല്ഗബ്രയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
കനേഡിയന്‍ വിമാനത്താവളങ്ങളിലും ലാന്റ് ക്രോസിംഗുകളിലും കോവിഡ് പരിശോധനകള്‍ നിര്‍വഹിക്കുന്നതിനെ പിന്തുണക്കുന്നുണ്ടെങ്കിലും ഫെഡറല്‍ സര്‍ക്കാറിന്റെ ഹോട്ടല്‍ ക്വാറന്റൈന് നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും കത്തില്‍ പറഞ്ഞു.