ടോറന്റോ: കോവിഡ് വാക്സിന് ലഭ്യമാകുമ്പോള്‍ മിക്ക കനേഡിയന്മാരും അതെടുക്കുമെന്ന് പുതിയ സര്‍വേ. ഇതില്‍ പങ്കെടുത്ത 68 ശതമാനം കനേഡിയന്മാരും തീര്‍ച്ചയായും വാക്സിന് എടുക്കുമെന്നാണ് നാനോസ് കണ്ടെത്തിയത്. കനേഡിയന്മാരില് 55 വയസ്സിനു മുകളിലുള്ളവര്‍ തീര്‍ച്ചയായും വാക്സിനെടുക്കുമെന്ന് 80 ശതമാനവും അഭിപ്രായപ്പെട്ടു. 18നും 34നും ഇടയില്‍ പ്രായമുള്ളവര്‍ 58 ശതമാനമാണ് വാക്സിന് എടുക്കുമെന്ന് പറഞ്ഞത്.
കോവിഡ് രോഗികളുടേയും മരിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും വാക്സിന് വിതരണത്തില്‍ വേഗത കുറഞ്ഞത് വിമര്‍ശിക്കപ്പെടുന്നുണ്ട്. രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുന്നത് ഉള്‍പ്പെടെ ആരോഗ്യത്തേയും സമ്പദ് വ്യവസ്ഥയേയും വാക്സിന് വിതരണത്തിലെ വേഗതക്കുറവ് ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭൂരിഭാഗം കനേഡിയന്മാരും വാക്സിനെടുക്കുമെന്ന് പറയുന്നത് ശ്രദ്ധേയമാണെങ്കിലും വാക്സിന് ഫലപ്രാപ്തിയെ കുറിച്ചുള്ള ആത്മവിശ്വാസമാണ് അടുത്ത വെല്ലുവിളിയെന്ന് നാനോസ് റിസര്‍ച്ച് സ്ഥാപകനും ചീഫ് ഡാറ്റാ സയന്റിസ്റ്റുമായ നിക്ക് നാനോസ് പറഞ്ഞു. രാഷ്ട്രീയക്കാരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും വാക്സിന് എടുക്കാന്‍ കഴിയുന്നത്ര ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയും വാക്സിന് സ്വാധീനിക്കുമെന്ന് ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.