ഓട്ടവ : സാല്‍മൊണെല്ല അണുബാധയെ തുടര്‍ന്ന് 67 തരം ഡെലി മീറ്റുകള്‍ തിരിച്ചു വിളിച്ചതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. ബോണ, കോസ്‌മോയുടെ സ്‌മോക്ക്ഡ് മീറ്റ്‌സ്, ഇംപീരിയല്‍ മീറ്റ്‌സ്, ലോംഗോസ്, ലൂക്ക് യൂറോപ്യന്‍ മീറ്റ്‌സ് ചീസ് & ഈറ്റ്‌സ്, മരിനി സലൂമി, നാച്ചുറിസിമോ, പി & ഇ ഫുഡ്‌സ്, റിയ, സ്‌പെസിയേല്‍ ഫൈന്‍ ഫുഡ്‌സ്, സുപ്പീരിയര്‍ മീറ്റ്‌സ്, ടി.ജെ. മീറ്റ്‌സ്, വിന്‍സ് ക്യൂര്‍ഡ് മീറ്റ്‌സ് കോര്‍പ്പ് എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളില്‍ വില്‍ക്കുന്ന 67 തരം ഡെലി മീറ്റുകളെയാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, ഒന്റാരിയോ, കെബെക്ക്, സസ്‌കാച്വാന്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും ഫെഡറല്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ കാണാം.
ജൂലൈ 15 വരെ ആല്‍ബര്‍ട്ടയില്‍ 67ഉം ഒന്റാരിയോയില്‍ 17ഉം ഉള്‍പ്പെടെ 86 പേര്‍ക്ക് അണുബാധമൂലം അസുഖം ബാധിച്ചതായി കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറയുന്നു. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഇതുവരെ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും, അണുബാധയുണ്ടായി ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ശേഷം പടരുന്ന ഭക്ഷ്യജന്യ ബാക്ടീരിയല്‍ രോഗമാണ് സാല്‍മൊണെല്ല. സാല്‍മൊണെല്ല കലര്‍ന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാല്‍, കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഗുരുതരവും ചിലപ്പോള്‍ മാരകവുമായ അണുബാധകള്‍ക്ക് കാരണമാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സാല്‍മൊണെല്ല അണുബാധയുടെ ലക്ഷണങ്ങളില്‍ പനി, തലവേദന, ഛര്‍ദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉള്‍പ്പെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു.
സാല്‍മൊണെല്ല അണുബാധ: 67 തരം ഡെലി മീറ്റുകള്‍ തിരിച്ചു വിളിച്ചുവെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി
