ഹാമില്ട്ടണ്: വടക്കന്‍ അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഹാമില്ട്ടണ് മലയാളി സമാജത്തിന്റെ സ്വന്തമായ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും നാടന്വിഭവങ്ങള്ക്കു പ്രശസ്തമായ തട്ടുകടയും ജൂണ്‍ 25 ശനിയാഴ്ച നടക്കും. ഹാമില്ട്ടണ് സിറ്റിയുടെ ഫ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍പ്പെടുത്തി 3.58 ലക്ഷം ഡോളറിന്റെ ധനസഹായത്തോടെയാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. അറുപത് മീറ്റര്‍ ചുറ്റളവില്‍, മികച്ച നിലവാരത്തില്‍ തയ്യാറാക്കുന്ന ഗ്രൗണ്ടില്‍ പിച്ചും പ്രാക്ടീസ് പിച്ചുമുണ്ടാകും. നാലേക്കറാണ് ഗ്രൗണ്ടിന്റെ വിസ്തൃതി.
മുപ്പത്തിയഞ്ചു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സമാജത്തിന്റെ നേട്ടങ്ങളില്‍ ഏറ്റവും പുതിയതാണ് ക്രിക്കറ്റ് ഗ്രൗണ്ട്. സ്വന്തമായ സ്ഥലവും കെട്ടിടവുമുള്ള സമാജത്തില്‍ ഓഡിറ്റോറിയവും അടുക്കളയും പാര്‍ട്ടി ഹാളുകളുമുണ്ട്. മലയാളം സ്കൂളും നടത്തിവരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം സമാജത്തിന്റേതായി നടക്കുന്ന പ്രധാന പരിപാടികളൊന്നിനാണ് ശനിയാഴ്ച സാക്ഷ്യം വഹിക്കുക. കേരളീയ വിഭവങ്ങള്‍ നിറയുന്ന തട്ടുകടയും മലയാളികള്‍ക്ക് ഹരമായ ക്രിക്കറ്റ് കളിക്കളത്തിന്റെ പൂര്‍ത്തീകരണവും.
നാലുമണിക്ക് തട്ടുകടയ്ക്ക് തുടക്കമാകും. മുതിര്‍ന്നവര്‍ക്ക് 20 ഡോളര്‍, ആറ് മുതല്‍ പന്ത്രണ്ട് വയസ് വരെ പ്രായക്കാര്‍ക്ക് 15 ഡോളര്‍ എന്നിങ്ങനെയാണ് ഭക്ഷണത്തിന് കൂടിയുള്ള എന്‍ട്രി ഫീ. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ട.
ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം വൈകിട്ട് അഞ്ചരയ്ക്കാണ്. ഹാമില്ട്ടണ് മേയര്‍ ഫ്രെഡ് ഐസന്ബര്ഗറും ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണുമാണ് മുഖ്യാതിഥികള്‍. പാര്‍ലമെന്റംഗങ്ങളായ ഡാന്‍ മയ്സ്, ലീസ ഹെഫ്നര്‍, പ്രവിശ്യ പാര്‍ലമെന്റംഗങ്ങളായ ഡോണ സ്കെല്ലി, സാന്‍ഡി ഷാ, സിറ്റി കൗണ്‍സിലര്‍മാരായ ടെറി വൈറ്റ്ഹെഡ്, ബ്രെന്‍ഡ ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുക്കും. റിയല്‍റ്റര്‍ മനോജ് കരാത്തയാണ് മെഗാ സ്പോണ്‍സറും ഗസ്റ്റ് ഓഫ് ഓണറും.
ഉദ്ഘാടനം കഴിയുന്നതോടെ ഗ്രൗണ്ട് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും വേദിയാകുമെന്ന് സമാജം പ്രസിഡന്റ് ബിജു ദേവസിയും സെക്രട്ടറി മനു നെടുമറ്റത്തിലും പറഞ്ഞു. സോക്കര്‍, വടംവലി തുടങ്ങിയ കായിക ഇനങ്ങള്‍ക്കും സൗകര്യമുണ്ടാകും.