കാനഡയിലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ


SEPTEMBER 23, 2022, 9:48 PM IST

ടൊറന്റോ: കാനഡയില്‍ 'വിദ്വേഷ കുറ്റകൃത്യങ്ങളും വിഭാഗീയ അക്രമങ്ങളും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും കുത്തനെ വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് എന്നിവയുടെ ഇന്ത്യന്‍ സര്‍ക്കാര്‍ കാനഡയിലെ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം  പുറപ്പെടുവിച്ചത്. 

കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരും കാനഡയിലെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളും യാത്രയ്ക്കും വിദ്യാഭ്യാസത്തിനും കാനഡയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. 

കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാന്‍ ന്യൂഡല്‍ഹി കനേഡിയന്‍ അധികൃതരോട് അഭ്യര്‍ഥിച്ചതായി നിര്‍ദ്ദേശത്തില്‍ പറയുന്നു. കുറ്റവാളികളെ കാനഡയില്‍ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നും അതില്‍ പറയുന്നു.

ജോലിക്കാരും വിദ്യാര്‍ഥികളുമായ എല്ലാ ഇന്ത്യക്കാരും ഒട്ടാവയിലെ ഇന്ത്യന്‍ മിഷനിലോ ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ന്യൂദല്‍ഹി തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ഥിച്ചു.

പഞ്ചാബില്‍ പ്രത്യേക ഖാലിസ്ഥാന്‍ രാഷ്ട്രം ആവശ്യപ്പെട്ട് കാനഡയിലെ സിഖുകാര്‍ക്കിടയില്‍ ഒരു വിഭാഗം സംഘടിപ്പിച്ച 'റഫറണ്ടം' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

1980-കളില്‍ ഏറ്റവും ശക്തമായ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് 1984 ജൂണില്‍ ഖാലിസ്ഥാന്‍ അനുകൂല നേതാക്കളെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയില്‍ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് ന്യൂഡല്‍ഹി സൈന്യത്തെ അയച്ചത്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക ഓപ്പറേഷനില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. 

തുടര്‍ന്നാണ് അതേവര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രണ്ട് സിഖ് അംഗരക്ഷകരാല്‍ വധിക്കപ്പെട്ടത്. ഇത് രാജ്യവ്യാപകമായി സിഖ് വിരുദ്ധ കലാപത്തിലേക്ക് നാടിനെ തള്ളിവിടുകയും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 

നിലവില്‍ കാനഡയിലെ 1.6 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ വലിയ ഭാഗം സിഖുകാരാണ്.  ജനസംഖ്യയുടെ മൂന്ന് ശതമാനത്തിലധികം വരും ഇത്. കാനഡയില്‍ പ്രതിരോധ മന്ത്രി അനിതാ ആനന്ദ് ഉള്‍പ്പെടെ 17 പാര്‍ലമെന്റംഗങ്ങളും മൂന്ന് കാബിനറ്റ് മന്ത്രിമാരും ഇന്ത്യന്‍ വംശജരാണ്. 

ഖാലിസ്ഥാനി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന കാനഡയുടെ നിലപാടിനെതിരെ നേരത്തെ നിരവധി തവണ ഇന്ത്യ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് ന്യൂഡല്‍ഹി വിശ്വസിക്കുന്നു.

എന്‍ ഡി ടി വി നെറ്റ്വര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ ഹിതപരിശോധനയെ 'തീവ്രവാദികള്‍ നടത്തുന്ന അപഹാസ്യമായ  അഭ്യാസം്' എന്നാണ്  ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിശേഷിപ്പിച്ചത്. ഒരു സൗഹൃദ രാജ്യത്ത് ഇത്തരമൊരു അഭ്യാസം അനുവദിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബാഗ്ചി പറഞ്ഞു.

ഇതിന് മറുപടിയായി കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നുവെന്നും റഫറണ്ടം എന്ന് വിളിക്കപ്പെടുന്നതിനെ അംഗീകരിക്കില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News