ഒമിക്രോണ്‍ കേസുകള്‍ ഈ മാസം ഏറ്റവും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി


JANUARY 19, 2022, 11:14 PM IST

ഒന്റാരിയോ: ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്നുണ്ടാകുന്ന കോവിഡ് കേസുകള്‍ ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയിലാകുമെന്ന് ആരോഗ്യമന്ത്രി. എങ്കിലും പ്രത്യാശയുടെ തിളക്കങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സ്ഥിരതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ എലിയറ്റ് പറഞ്ഞു.

ബുധനാഴ്ച വരെ 4132 പേരെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്. ഓരോ രണ്ടാഴ്ചയിലുമാണ് എണ്ണം ഇരട്ടിയാകുന്നത്. നേരത്തെ ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിരുന്നു. 

ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ട് ഒന്‍പത് ദിവസത്തെ പരിചരണമാണ് ആവശ്യമായിരുന്നതെങ്കില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് അഞ്ച് ദിവസത്തെ ആശുപത്രി പരിചരണമാണ് ആവശ്യമായി വരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിന്റെ ദൈര്‍ഘ്യത്തിലും വലിയ വ്യത്യാസം വന്നിട്ടുണ്ട്. നേരത്തെ ശരാശരി 20 ദിവസം വരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയേണ്ടി വന്നിരുന്നെങ്കില്‍ ഇപ്പോഴത് ആറോ ഏഴോ ദിവസമായി ചുരുങ്ങിയിട്ടുണ്ട്. നിരവധി രോഗികള്‍ക്ക് ഒന്നിലധികം അവയവങ്ങളെ രോഗം ബാധിക്കുകയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നുണ്ട്. 

ജനുവരി മാസത്തിന്റെ തുടക്കത്തില്‍ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികളും നിയന്ത്രണങ്ങളും രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കുന്നതായി ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കീറന്‍ മൂര്‍ പറഞ്ഞു. 

റസ്റ്റോറന്റുകളില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ നിര്‍ത്തലാക്കുകയും ജിമ്മുകള്‍, ഇന്‍ഡോര്‍ വിനോദ സൗകര്യങ്ങള്‍, സിനിമാ ശാലകള്‍, ഇന്‍ഡോര്‍ കച്ചേരി വേദികള്‍, മ്യൂസിയങ്ങള്‍, മൃഗശാലകള്‍ തുടങ്ങിയവയെല്ലാം അടച്ചു പൂട്ടുകയും റീട്ടയില്‍ മേഖലയും വ്യക്തിഗത പരിചരണ സേവനങ്ങളും 50 ശതമാനം ശേഷിയില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന്ും 25നും ഇടയിലാണ് സ്ഥിരമായി നില്‍ക്കുന്നത്. പ്രവിശ്യ നിലവില്‍ പ്രതിദിനം ശരാശരി 53,000 ടെസ്റ്റുകളാണ് നടത്തുന്നത്. 

ഒന്റാരിയോ ഹെല്‍ത്ത് സി ഇ ഒ മാത്യു ആന്‍ഡേഴ്‌സണും കൂടെയുണ്ടായിരുന്നു.

Other News