സിഖ് വിഘടനവാദം വീണ്ടും കാനഡയുടെ ശ്രദ്ധയില്‍


MARCH 16, 2018, 12:00 PM IST

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ 8 ദിവസങ്ങള്‍ നീണ്ടു നിന്ന ഇന്ത്യ സന്ദര്‍ശനം ഒരു വലിയ പരാജയമായിരുന്നുവെന്ന പൊതു ധാരണയാണ് ഇരു രാജ്യങ്ങളിലുമുള്ളത്. ട്രൂഡോയ്‌ക്കെതിരെ കാനഡയില്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ചിലര്‍ ഇന്ത്യയെയും പരിഹസിച്ചു. പക്ഷേ, അതുകൊണ്ട് ചില നേട്ടങ്ങളുണ്ടായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു: വളരെക്കാലമായി കാനഡ, പ്രത്യേകിച്ച് ലിബറല്‍ ഗവണ്മെന്റ്, അവഗണിച്ചുപോന്ന ഖാലിസ്ഥാന്‍ പ്രശ്‌നം കാനഡയില്‍ വീണ്ടും സജീവ ചര്‍ച്ചയായി. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനം ആസ്ഥാനമായി സ്വതന്ത്ര ഖാലിസ്ഥാന്‍ രാഷ്ട്രം സൃഷ്ടിക്കാനുള്ള, ഒരിക്കല്‍ പരാജയപ്പെട്ട നീക്കത്തിന് വിദേശങ്ങളിലെ ചില സിഖ് വംശജര്‍ നല്‍കുന്ന പിന്തുണയെ ഇന്ത്യ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് കനേഡിയന്‍ ഗവണ്മെന്റ് വൃത്തങ്ങള്‍ക്ക് ബോദ്ധ്യമായി. സ്വന്തം രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടികളെ കണ്ടില്ലെന്നു നടിക്കാന്‍ ഇനി ഗവണ്മെന്റിനു കഴിയില്ലെന്നും ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിഘടനവാദത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചിട്ടുള്ളതും അനുഭവിക്കുന്നതുമായ രാജ്യമാണ് കാനഡ.

Other News