സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ ഇടവക ദിനം സ്പന്ദനം 2019 ആഘോഷിച്ചു


JULY 12, 2019, 3:53 PM IST

ഓട്ടവ: അഗതികളുടെയും അശരണരുടെയും ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ മദര്‍ തെരേസയുടെ നാമധേയത്തിലുള്ള ഓട്ടവയിലെ സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ ഇടവക ദിനം ജൂണ്‍ 23-ാം തീയതി സ്റ്റിറ്റിസ് വില്ലെയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചു. മിസ്സിസ്സാഗ രൂപതയുടെ ബിഷപ്പ് ആയി മാര്‍ ജോസ് കല്ലുവേലില്‍ ചുമതലയേറ്റ ശേഷം അദ്ദേഹം പങ്കെടുക്കുന്ന ഓട്ടവയിലെ പ്രഥമ പരിപാടി കൂടി ആയിരുന്നു സ്പന്ദനം 2019. മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇടവക വികാരി ഫാദര്‍ ബോബി ജോയ് മുട്ടത്തുവലയിലിന്റെ സഹകാര്‍മ്മികത്വത്തോടെ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയില്‍ ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നിര്‍വ്വഹിക്കപ്പെട്ടു. 

ദിവ്യബലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സ്പന്ദനം 2019 ഔദ്യോഗികമയി ഉദ്ഘാടനം ചെയ്യപ്പെട്ടു. 

ഇടവകയുടെ കൈക്കാരന്മാരായ നെല്‍സണ്‍ അബ്രഹാമിന്റെയും നോബിള്‍ സെബസ്റ്റിയന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട പൊതുപരിപാടിയില്‍ മാര്‍ ജോസ് കല്ലുല്‍വേലില്‍ ഉദ്ഘാടന പ്രസംഗവും ഇടവക വികാരി ഫാദര്‍ ബോബി ജോസ് മുട്ടത്തുവലയില്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. ഇടവക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജേക്കബ് ജെയിംസും (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), കാറ്റക്കിസം റിപ്പോര്‍ട്ട് ജേക്കബ് ജെയിംസും (പ്രിന്‍സിപ്പല്‍) അവതരിപ്പിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, കാനഡയിലെ വത്തിക്കാന്‍ സ്ഥാനപതിയായ ലൂയിജി ബോനസ്സി, ഓട്ടവ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് സുധീഷ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം യൂണിറ്റ് ഭാരവാഹികളുടെ ആഭിമുഖ്യത്തില്‍ ഓരോ യൂണിറ്റില്‍ നിന്നും അംഗങ്ങളുടെ അതിമനോഹരങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഇടവക അംഗങ്ങള്‍ ശ്രുതിമധുരങ്ങളയ ഗാനങ്ങളും നയനമനോഹരങ്ങളായ ദൃശ്യാവിഷ്‌ക്കാരങ്ങളും ത്രസ്സിപ്പിക്കുന്ന നൃത്തച്ചുവടകളുമായി അരങ്ങില്‍ തകര്‍ത്താടിയ നിമിഷങ്ങള്‍ ആയിരുന്നു സ്പന്ദനം. 

പാഠ്യപഠ്യേതര മികവിനുള്ള അംഗീകാരങ്ങള്‍ കുട്ടികള്‍ക്കും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരം പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും വേദപാഠ അധ്യപകര്‍ക്കും നല്‍കി. നോബള്‍ സെബസ്റ്റിയന്റെ നന്ദി വാക്കുകളോടെ സ്പന്ദനം 2019 നു തിരശീല വീണു.

നാനാത്വത്തില്‍ ഏകത്വം പ്രതിഫലിച്ച സ്പന്ദനത്തിന്റെ അണിയറ ശില്‍പ്പികള്‍ ആയ വികാരി ബോബി അച്ഛനും കൈക്കാരന്മാര്‍ ആയ നെല്‍സണ്‍, നോബിള്‍ എന്നിവരും ഏവര്‍ക്കും കരുത്തും പിന്തുണയും ആയി കൂടെ പ്രവര്‍ത്തിച്ച ഇടവക അംഗങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

           ജ്യോത്സന ഷൈബു