ഓര്‍മക്കുറിപ്പുകളുടെ ചൈനീസ് പ്രസാധകരുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രൂഡോ


SEPTEMBER 15, 2021, 12:11 AM IST

ഓട്ടവ: ചൈനയില്‍ തന്റെ ഓര്‍മക്കുറിപ്പുകള്‍ പുനഃപ്രസിദ്ധീകരിച്ച ചൈനീസ് സര്‍ക്കാര്‍ പ്രസുമായി തനിക്കൊരു ഇടപാടുമില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ. ദി ലെജന്റ് കണ്ടിന്യൂസ് എന്ന ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള പ്രസിദ്ധീകരണ സ്ഥാപനമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ സ്വകാര്യ ഓര്‍മക്കുറിപ്പുകള്‍ പുനഃപ്രസിദ്ധീകരിച്ചത്. 2016ലെ ഇടപാട് സൂക്ഷ്മ പരിശോധന നടതതിയോ എ്‌ന് വെളിപ്പെടുത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാനഡയിലെ ഫെഡറല്‍ എതിക്‌സ് വാച്ച്‌ഡോഗിനോട് ആവശ്യപ്പെടുന്നു. 

2016ല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ കാനഡയെ പ്രേരിപ്പിക്കാമെന്ന് ബീജിംഗിന് പ്രതീക്ഷയുണ്ടായിരുന്നപ്പോഴാണ് പുസ്തക ഇടപാട് നടന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശനയങ്ങളില്‍ പ്രഗത്ഭരായ മുതിര്‍ന്നവരും പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളോട് അന്വേഷിച്ചിട്ടില്ലെന്നും അങ്ങനെയായിരുന്നുവെങ്കില്‍ അത് നിരസിക്കാന്‍ ആവശ്യപ്പെടുമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. 

കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി മൈക്കല്‍ ബാരറ്റ് ഫെഡറല്‍ എത്തിക്‌സ് കമ്മീഷണര്‍ മരിയോ ഡിയോണിനോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. 

അത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ട്രൂഡോ എത്തിക്‌സ് കമ്മീഷണറുമായി ആലോചിച്ചോ എന്ന ചോദ്യം ഉയര്‍ത്തുന്നതായും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രസാധകനുമായി പുസ്തക ഇടപാട് നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. 

വിദേശ സര്‍ക്കാരുകളുമായി ഭരണാധികാരികള്‍ക്ക് വെളിപ്പെടുത്താത്ത താത്പര്യങ്ങളില്ലെന്ന് കാനഡക്കാര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. ട്രൂഡോ ഈ കരാറിനെ കുറിച്ച് കാനഡക്കാരോട് വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. 

ചൈനീസ് സര്‍ക്കാര്‍ പ്രസാധകര്‍ക്ക് ചൈനയില്‍ പുസ്തകം വില്‍ക്കാന്‍ ലിബറല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യവര്‍ഷത്തില്‍ ട്രൂഡോയുടെ കനേഡിയന്‍ പ്രസാധകന്‍ കരാര്‍ ഒപ്പിടുകയായിരുന്നു. 

ട്രൂഡോ തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് പ്രധാനമന്ത്രിയാകുമെന്ന് പരാമര്‍ശിക്കുന്ന പുസ്തകം 2014ല്‍ പുറത്തിറങ്ങുമ്പോള്‍ അദ്ദേഹം പ്രതിപക്ഷ നിരയിലായിരുന്നു. ജിയാങ്‌സു പ്രവിശ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭമായ ജിയാങ്‌സു ഫീനിക്‌സ് പബ്ലിഷിംഗ് ആന്റ് മീഡിയയുടെ നാന്‍ജിംഗിലെ യിലിന്‍ പ്രസ് പുസ്തകം ചൈനീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചു. 

എന്നാല്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുകയോ വില്‍ക്കുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്യുന്നതിന് കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും പ്രസാധകരാണ് കൈകാര്യം ചെയ്യുന്നതെന്നുമാണ് ട്രൂഡോ പറയുന്നത്. മാത്രമല്ല അതില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും താന്‍ സ്വീകരിക്കുന്നില്ലെന്നും റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങളാണ് ആ തുക ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

ചൈനീസ് പുസ്തകത്തില്‍ നിന്നും തനിക്കൊരു വരുമാനവുമില്ലെന്ന് പറഞ്ഞ അദ്ദേഹത്തോട് ഈ പുസ്തക ഇടപാട് എത്തിക്‌സ് കമ്മീഷണര്‍ അംഗീകരിച്ചോ എന്ന ചോദ്യത്തിന് തന്റെ എല്ലാ വരുമാന സ്രോതസ്സുകളും പല തവണ ക്ലിയര്‍ ചെയ്തുവെന്നാണ് ട്രൂഡോ മറുപടി പറഞ്ഞത്. 

എന്നാല്‍ പുസ്തക ഇടപാട് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഫെഡറല്‍ എത്തിക്‌സ് കമ്മീഷണറുടെ ഓഫിസ് വിസമ്മതിച്ചതായി ദി ഗ്ലോബ് ആന്റ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചൈനീസ് ശതകോടീശ്വരന്മാര്‍ പിയറി എലിയട്ട് ട്രൂഡോ ഫൗണ്ടേഷന് പണം സംഭാവന നല്കിയ അതേ സമയത്താണ് ചൈനയില്‍ പുസ്തകം പുറത്തിറങ്ങിയത്. 

എന്നാല്‍ ഗ്ലോബ് ആന്റ് മെയിലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതുവരെ ചൈനയില്‍ വീണ്ടും പുസ്തകം ഇറങ്ങുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് നേരത്തെ ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ മുന്‍ ഡയറക്ടറുമായ റിച്ചാര്‍ഡ് ഫാഡന്‍ പറഞ്ഞത്. 

പാശ്ചാത്യ രാജ്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത് കാര്യമാണെങ്കിലും ചൈനീസ് പ്രചരണ മന്ത്രാലയം കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിര്‍ഥം മറ്റൊന്നാണെന്നും ഫാഡന്‍ പറഞ്ഞു.

വിദേശ നേതാക്കളെ ആകര്‍ഷിക്കാനുള്ള ചൈനക്കാരുടെ തന്ത്രത്തിന്റെ ഭാഗമാണ് പുസ്തക ഇടപാടെന്ന് വിദഗ്ധര്‍ പൊതുവെ അഭിപ്രായപ്പെടുന്നു.

Other News