നടന്‍ ഉപദ്രവിക്കുന്നു, രജനീകാന്തിനോട് സഹായമഭ്യര്‍ത്ഥിച്ച് ആശുപത്രി കിടക്കയില്‍ നിന്നും ദേവദൂതനിലെ നടി


AUGUST 9, 2019, 5:18 PM IST

ചെന്നൈ: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബെഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്നെ കന്നഡ നടന്‍ രവിപ്രകാശ് കാണാനെന്ന വ്യാജേനയെത്തി ഉപദ്രവിച്ചുവെന്നും തുടര്‍ന്ന് മാനസികവും ശാരീരിവുമായി തകര്‍ന്നുവെന്നും കാണിച്ച് നടി വിജയലക്ഷ്മിയുടെ വീഡിയോ പോസ്റ്റ്. വിഷയത്തില്‍ രജനീ കാന്ത് ഇടപെടണമെന്നഭ്യര്‍ത്ഥിച്ചാണ് നടി ഫെയ്‌സ്ബുക്കില് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

രജനിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു. 

നടനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.

'സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്' വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.  

1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തെന്നിന്ത്യന്‍ സിനിമകളില്‍ ചില മികച്ച വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ നായകനായി സിബിമലയില്‍ സംവിധാനം ചെയ്ത ദേവദൂതനില്‍ ഒരുപ്രധാനകഥാപാത്രം ചെയ്തു.മാത്രമല്ല,

സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പില്‍ അമൃത എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയാ മുറുക്കു എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 

നടിയുടെ ചികിത്സയ്ക്ക് പണമില്ലെന്ന് സഹോദരി ഉഷ ദേവി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അമ്മ രോഗബാധിതയായതിനെ തുടര്‍ന്ന്  കയ്യിലുണ്ടായിരുന്ന പണമെല്ലാം ചികിത്സക്കുവേണ്ടി ചെലവഴിച്ചുവെന്നും സിനിമാമേഖലയിലുള്ളവര്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിജയലക്ഷ്മി സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നതെന്നും സഹോദരി വ്യക്തമാക്കി. 

Other News