ആസാം പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് രണ്ട് കോടി രൂപ സംഭാവന ചെയ്ത് അക്ഷയ് കുമാര്‍


JULY 19, 2019, 4:10 PM IST

മുംബൈ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആസാം സംസ്ഥാനത്തിന് രണ്ട് കോടി രൂപ സംഭാവന നല്‍കിയിരിക്കയാണ് നടന്‍ അക്ഷയ് കുമാര്‍. ഇതിനെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തക ചോദ്യമുന്നയിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടിയും വാര്‍ത്തയായി. '' എന്റെ കയ്യില്‍ ധാരാളം പണമുണ്ട് .. മേഡം..'' എന്നായിരുന്നു തമാശരൂപേണ അക്ഷയ് പറഞ്ഞത്. കഴുത്തുവരെ എത്തിയ വെള്ളത്തില്‍ കുഞ്ഞിനെയുമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അമ്മയുടെ ഫോട്ടോ തന്നെ സ്പര്‍ശിച്ചുവെന്നും ഇങ്ങിനെയൊരനുഭവം തനിക്കും കുടുംബത്തിനും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ഭത്തില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ണുനീര്‍ വാര്‍ക്കുന്നതിന് പകരം തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും അതില്‍ പണം പ്രശ്‌നമല്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ഒഡീഷയില്‍ പ്രളയമുണ്ടായപ്പോഴും അക്ഷയ് കുമാര്‍ ഒരു കോടി രൂപ സഹായം നല്‍കിയിരുന്നു.