അനുഗ്രഹീതന്‍ ആന്റണി ചിത്രത്തിന്റെ വ്യാജ പതി പ്പിനെതിരെ നിയമ നടപടിയുമായി നിര്‍മാതാവ്


APRIL 9, 2021, 8:14 PM IST

കൊച്ചി: അനുഗ്രഹീതന്‍ ആന്റണി എന്ന പുതിയ റിലീസ് ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സണ്ണി വെയിന്‍, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ ചോര്‍ന്നത്. അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. വയനാട്  ഡി വൈ എസ് പിക്കു

നിര്‍മാതാവായ എം ഷിജിത്ത് പരാതി നല്‍കിയിട്ടുണ്ട്. ലക്ഷ്യ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ക്യാപിറ്റല്‍ സ്റ്റുഡിയോസ് ആണ് തിയേറ്ററുകളില്‍ എത്തിച്ചത്.

കോവിഡില്‍ തകര്‍ന്ന സിനിമാ വ്യവസായം തിരികെ വരുന്ന ഈ സമയത്തുള്ള  ഇത്തരം പ്രവര്‍ത്തികള്‍ ക്രൂരമാണെന്നും അത് സിനിയ വ്യവസായത്തെ തകര്‍ക്കുമെന്നും സംവിധായകന്‍ പ്രിന്‍സ് ജോയ് പറഞ്ഞു. 

ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി പ്രദര്‍ശനം തുടരുമ്പോഴാണ് ഇത്തരത്തില്‍ തിരിച്ചടി നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ സംവിധായകന്‍ പ്രിന്‍സ് ജോയ്, നിര്‍മാതാവ് എം ഷിജിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാര്‍ഡ്, ഡിസ്ട്രിബൂട്ടര്‍ ജോര്‍ജ് അഗസ്റ്റിന്‍  അക്കര തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.