ഭര്‍ത്താവിനെ കാണാനില്ലെന്ന ആശാ ശരത്തിന്റെ കരഞ്ഞുകൊണ്ടുള്ള വീഡിയോ, പരിഭ്രാന്തരായി ആരാധകര്‍, ഒടുവില്‍ ട്വിസ്റ്റ്


JULY 4, 2019, 1:29 PM IST

കൊച്ചി: സോഷ്യല്‍മീഡിയ ലൈവില്‍ വന്ന് തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കരഞ്ഞുകൊണ്ട് പറയുന്ന നടി ആശാ ശരത്തിനെ കണ്ട് ആരാധകര്‍ ഞെട്ടി.


'കുറച്ചു ദിവസമായി എന്റെ ഭര്‍ത്താവിനെ കാണുന്നില്ല. പത്തു നാല്‍പത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോവുകയാണെങ്കിലും ഉടന്‍ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കില്‍ വിളിച്ചു പറയും. ഇതിപ്പോള്‍ ഒരു വിവരവുമില്ല.  എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം.


എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങള്‍, ആ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആര്‍ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ' എന്നായിരുന്നു ആശാ ശരത്തിന്റെ വീഡിയോ സന്ദേശം.


തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുണ്ട്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി ഇത്തരമൊരുവീഡിയോ പ്രചരിച്ചപ്പോള്‍ ആരാധകര്‍ പരിഭ്രാന്തിയിലായി.
എന്നാല്‍ എവിടെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു വീഡിയോ എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടത്. പ്രമോഷന്‍ വീഡിയോ എന്ന് ആദ്യം തന്നെ വീഡിയോയില്‍ എഴുതി ചേര്‍ത്തിരുന്നെങ്കിലും ഭൂരിഭാഗം പേരും അത് ശ്രദ്ധിച്ചിരുന്നില്ല.


ബോബി-സഞ്ജയുടെ തിരക്കഥയില്‍ സീരിയല്‍ സംവിധായകന്‍ കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എവിടെ'. ചിത്രത്തില്‍ ജെസി എന്ന കഥാപാത്രമാണ് ആശാ ശരത്ത് അവതരിപ്പിക്കുന്നത്. ജെസിയുടെ ഭര്‍ത്താവിനെ കാണാതായ രംഗമായിരുന്നു വീഡിയോയില്‍ ആശാ ശരത്ത് പങ്കുവച്ചത്.


Other News