ഋഷിരാജ് സിംഗിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂര്‍


JULY 13, 2019, 4:36 PM IST

മൂംബൈ: നടി ശ്രീദേവിയുടെ മരണം അപകടം മൂലമുണ്ടായതല്ല, കൊലപാതകമാണെന്ന ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ നടിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്ത്. 

ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പ്പം മാത്രമാണ് ബോണി കപൂര്‍ പറഞ്ഞു.

അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ ഉമാദത്തന്‍ തന്നോട് പറഞ്ഞതായി അവകാശപ്പെട്ട് കേരള കൗമുദിയിലെഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗ് വിവാദപ്രസ്താവന നടത്തിയത്. 

'പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു' ഇതായിരുന്നു ഋഷിരാജ് സിങ്ങ് ലേഖനത്തില്‍ കുറിച്ചത്.

തുടര്‍ന്ന് ഈ പ്രസ്താവന ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ദുബായില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പിന്നീട് അപകടമരണമാണെന്ന് സ്ഥിരീകരിച്ച് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചു.