ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ബഹിരാകാശയാത്രികരോടന്വേഷിച്ച് ബ്രാഡ് പിറ്റ്


SEPTEMBER 17, 2019, 7:22 PM IST

ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ്പിറ്റ് ഇന്ത്യയുടെ വിക്രം ലാന്ററിനെക്കുറിച്ച് സ്‌പേസ് സ്റ്റേഷനില്‍ തങ്ങുന്ന ബഹിരാകാശയാത്രികനോടന്വേഷിച്ചത് കൗതുകമുണര്‍ത്തി. തന്റെ പുതിയ ചിത്രമായ ആഡ് ആസ്ട്രയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി നാസ ടിവി സംപ്രേഷണം ചെയ്ത പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം ബഹിരാകാശയാത്രികനായ നിക്ക് ഹേഗുമായി സംവദിച്ചത്. സിനിമയില്‍ ബഹിരാകാശയാത്രികനായാണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്.

സ്‌പേസ് സ്റ്റേഷനിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിയുന്നതിനിടയില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് കണ്ടിരുന്നോ എന്ന് താരം അന്വേഷിക്കുകയായിരുന്നു. ഇല്ലെന്ന് ഹേഗ് മറുപടി നല്‍കി. 20 മിനിറ്റ് നീണ്ട വീഡിയോ കോളില്‍ ബഹിരാകാശജീവിതത്തിലെ ബുദ്ധിമുട്ടുകളും കൗതുകങ്ങളും നിക്ക് ഹേഗ് ബ്രാഡ് പിറ്റുമായി പങ്കുവച്ചു. മറ്റ് രണ്ട് അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്കും രണ്ട് റഷ്യന്‍ യാത്രികര്‍ക്കും ഒരു ഇറ്റാലിയന്‍ യാത്രികനും ഒപ്പമാണ് നിക്ക് ഹേഗ് ഇപ്പോള്‍ അമേരിക്കന്‍ സ്‌പേസ് സ്റ്റേഷനില്‍ തങ്ങുന്നത്.