സൂര്യ കിരീടം വീണുടഞ്ഞൂ..ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പത്താണ്ട്...


FEBRUARY 10, 2020, 9:44 AM IST

വാഗൈ്വഭവം കൊണ്ട് മലയാള ഗാന ശാഖയെ സമ്പന്നമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്തുവര്‍ഷം തികയുന്നു. കൈക്കുടന്ന നിറയെ തിരുമധുരം തുളുമ്പുന്ന, പിന്നെയും പിന്നെയും മലയാളികള്‍ ചുണ്ടില്‍ മൂളുന്ന ഒരു പിടി നല്ല ഗാനങ്ങളിലൂടെ പുത്തഞ്ചേരി ഇന്നും ജീവിക്കുകയാണ്. പിന്നെയും പിന്നെയും ആ പാട്ടുകള്‍ നാം മൂളി നടന്നു.പാട്ടെഴുത്തിന്റെ പുത്തന്‍ വഴിയില്‍ പലരുമെത്തിയെങ്കിലും പുത്തഞ്ചേരിയുടെ ഭാവഗാനങ്ങള്‍ മലയാളികള്‍ വല്ലാതെ കൊതിക്കുന്നിണ്ടിപ്പോഴും.

ശാന്തമീ രാത്രികള്‍ മുതല്‍ ഹരിമുരളീരവം വരെ ഏതീണവും പേനതുമ്പിലൊതുക്കുന്ന അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും ഇന്നും പുത്തഞ്ചേരിയുടെ മാത്രം സമ്പാദ്യം.

കോഴിക്കോട് ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ എഴുതിയാണ് ഗിരീഷ് പുത്തഞ്ചേരി സംഗീതലോകത്തെത്തുന്നത്.പിന്നീട്, എച്ച്.എം.വിക്കും തരംഗിണിക്കും ഇദ്ദഹത്തിന്റെ രചനകള്‍ മെലഡികള്‍ ഒരുക്കി. ജയരാജും ജോണി വാക്കറുമായിരുന്നു സിനിമയില്‍ പുത്തഞ്ചേരിയുടെ നല്ല തുടക്കം. പ്രണയവും വിരഹവും ഭക്തിയും തുടങ്ങീ മനുഷ്യമനസ്സിന്റെ തീവ്രവികാരങ്ങളെ ഭാവതന്മയത്വത്തടെ ഗിരീഷ് വരികളാക്കി.

പി. ഭാസ്‌കരനും വയലാറും ശ്രീകുമാരന്‍ തമ്പിയും ഒക്കെ നിറഞ്ഞുനിന്ന മലയാളസിനിമയുടെ സുവര്‍ണകാലഘട്ടത്തിനുശേഷം രംഗത്തെത്തിയവരില്‍ ഒന്നാം സ്ഥാനത്തു പറയാവുന്ന പേരു തന്നെയാണ് പുത്തഞ്ചേരിയുടേത്.

വിദ്യാസാഗറിനൊപ്പവും രവീന്ദ്രന്‍ മാഷിനൊപ്പവും വളരെ മികച്ച ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. രഞ്ജിത്ത് തന്‍െ്റ രണ്ടാമത്തെ സംവിധാനസംരംഭമായ 'നന്ദന'ത്തിനു വേണ്ടി ഗാനങ്ങളൊരുക്കാന്‍ രവീന്ദ്രന്‍ മാഷിനെയും പുത്തഞ്ചേരിയെയും വിളിച്ചുവരുത്തി 'എനിക്കു കളഭം മണക്കുന്ന അഞ്ചു ഗാനങ്ങള്‍ വേണമെന്ന്' ആവശ്യപ്പെടുകയും ഒരിക്കല്‍ യുക്തിവാദിയായിരുന്ന പുത്തഞ്ചേരി കൃഷ്ണസങ്കല്‍പ്പം നിറഞ്ഞുനില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍ അനായാസം ഒരുക്കുകയും ചെയ്തു.

തനിക്ക് മുന്നേ കടന്ന് പോയ കവിപ്രതിഭകളെ മാതൃകയാക്കി മലയാള ഗാനശാഖയില്‍ സ്വന്തമായൊരു ഇടം എഴുതിയെടുത്ത പുത്തഞ്ചേരി ഇനിയും ജീവിക്കും മരണമില്ലാത്ത അക്ഷരങ്ങളിലൂടെ അദേഹം ജീവന്‍ നല്‍കിയ ഈണങ്ങളിലൂടെ. മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ ചലച്ചിത്രഗാന ശാഖയെ സൂര്യകിരീടം അണിയിച്ച ആ ഗാനഗന്ധര്‍വന്റെ ഓര്‍മയില്‍ ഗാനപ്രേമികളുടെ ചുണ്ടിലും മനസിലും വേദനയോടെ ഇന്നുമാ ഗാനം അലയടിക്കുന്നു..


സൂര്യ കിരീടം വീണുടഞ്ഞൂ..

രാവിന്‍ തിരുവരങ്ങില്‍...