പീഡിപ്പിച്ചെന്ന കങ്കണയുടെ പരാതിയിൽ ആദിത്യ പഞ്ചോളിയുടെ അറസ്റ്റ് മൂന്നുവരെ തടഞ്ഞു 


JULY 20, 2019, 12:39 AM IST

മുംബൈ: പ്രായപൂർത്തിയാകുംമുമ്പ് തന്നെ പീഡിപ്പിച്ചെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാതിയില്‍ നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ്. അടുത്തമാസം മൂന്നു  വരെ പഞ്ചോളിയെ  അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ ഡിണ്ടോഷി സെഷൻസ് കോടതി ഉത്തരവിട്ടു. ഇരുഭാഗങ്ങളുടേയും വാദം കേട്ട ശേഷമാണ് ഉത്തരവ്.

കങ്കണയുടെ പരാതിയിൽ എഫ് ഐ ആർ  രജിസ്റ്റർ ചെയ്യുമ്പോൾ രേഖപ്പെടുത്തിയ ജനനവർഷം തെറ്റാണെന്ന് പഞ്ചോളിയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ കോടതിയിൽ വാദിച്ചു. 1977ലാണ് കങ്കണ ജനിച്ചതെന്നും എന്നാൽ എഫ് ഐ ആറിൽ 1978 എന്നാണ് കാണിച്ചിരിക്കുന്നതെന്നും പ്രശാന്ത് കോടതിയിൽ പറഞ്ഞു. 

15 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചോളി തന്നെ ബലാത്സം​ഗം ചെയ്തെന്ന് കങ്കണ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരെ പോക്സോ ചുമത്താനായിരുന്നു നടിയുടെ പദ്ധതി. അതിനാലാണ് പ്രായം തെറ്റിച്ച് നൽകിയത്. എന്നാൽ പാസ്പോർട്ടിലും മറ്റ് സർട്ടിഫിക്കറ്റിലും നടിയുടെ കൃത്യമായ പ്രായം തെളിയിക്കുന്നുണ്ടെന്നും പ്രശാന്ത് വാദിച്ചു.

പതിനാറാം വയസ്സില്‍ ആദിത്യ പഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കി എന്ന കങ്കണയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്ത് സൃഷ്‌ടിച്ചത്‌. ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ച് നടി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനിൽ പഞ്ചോളിക്കെതിരെ  കേസ് നൽകിയ കങ്കണ, ആദിത്യ പഞ്ചോളി നിരവധി തവണ പീഡിപ്പിച്ചുവെന്നും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചു.  

അതേസമയം, കേസിൽ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കങ്കണയ്ക്കെതിരെ  ജനുവരിയിൽ ആദിത്യ പഞ്ചോളി പരാതി നൽകിയിരുന്നു. കങ്കണ നല്‍കിയ പരാതി വ്യാജമാണെന്നും താരത്തിന്റെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പഞ്ചോളി പരാതിയിൽ ആരോപിച്ചു. ഇതിന് തെളിവായി റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ കോളുകളും സന്ദേശങ്ങളും പഞ്ചോളി പൊലീസിന് കൈമാറുകയുണ്ടായി.

കങ്കണയ്ക്കും ഇവരുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍, റിസ്‌വാന്‍ സിദ്ദിഖി എന്നിവർക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന്  പഞ്ചോളി പരാതിയില്‍ ആവശ്യപ്പെടുകയും ചെയ്‌തു. 

 

Other News