മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് പടം വലിഞ്ഞതിനാലെന്ന് മേജര്‍ രവി


AUGUST 10, 2019, 7:21 PM IST

തിരുവനന്തപുരം: രണ്ടാം പകുതിയില്‍ സിനിമ കുറച്ചധികം വലിഞ്ഞ് പോയതിനാല്‍   ശ്രദ്ധ നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുക്കാത്തതെന്നും ദേശീയ ചലച്ചിത്ര ജൂറിയില്‍ അംഗമായിരുന്ന മേജര്‍ രവി. പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കാത്തതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ സംബന്ധിച്ച് ചോദിച്ച പത്രലേഖകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു മേജര്‍ രവി. മമ്മൂട്ടിയ്ക്ക് നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള അവാര്‍ഡ് തന്നെ നല്‍കണം. പ്രത്യേക പരാമര്‍ശമൊന്നും പറ്റില്ല. അതിനാല്‍ അവാര്‍ഡ് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയത് കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലമല്ലെന്നും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിനാലാണെന്നും മേജര്‍ രവി മറുപടി നല്‍കി. മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആരാധകര്‍ ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവൈലിനെ തെറിവിളിച്ചിരുന്നു. തുടര്‍ന്ന്  മമ്മൂട്ടിയുടെ ശ്രദ്ധയിലേയ്‌ക്കെന്നും പറഞ്ഞ് അവാര്‍ഡ് നിരസിക്കാനുള്ള കാരണം റാവൈല്‍ പോസ്റ്റ് ചെയ്തു. ആരാധകരെ അടക്കിനിര്‍ത്താനും അദ്ദേഹം മമ്മൂട്ടിയോട് ആവശ്യപ്പെട്ടു. ഒടുവില്‍ മമ്മൂട്ടിയ്ക്ക് ഖേദം പ്രകടിപ്പിച്ച് പോസ്റ്റിടേണ്ട ഗതികേടുമുണ്ടായി.

Other News