രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ സാന്ത്വനം


AUGUST 13, 2019, 1:52 PM IST

മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ  അപകടത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തിന്റെ ദു: ഖത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച മമ്മൂട്ടി ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായി ലിനുവിന്റെ സഹോദരന്‍ പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് സഹോദരന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ വിയോഗമറിഞ്ഞ് നിരവധി പ്രമുഖരാണ് മാതാപിതാക്കളെ വിളിച്ച് അനുശോചനം അറിയിച്ചത്.  ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോയപ്പോഴാണ് ലിനു അപകടത്തില്‍പ്പെട്ടത്. 

തീവ്രമായമഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്ന് സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് പോയ സമയത്താണ് അപകടമുണ്ടായത്. ലിനുവിന്റെ മൃതശരീരം ദുരിതാശ്വാസക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്‌ക്കാരത്തിനായി ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോയി.

Other News