നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്


AUGUST 5, 2019, 1:20 AM IST

ചെന്നൈ: തമിഴ് നടനും നടികര്‍ തിലകത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. നടന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്‌മൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

നിര്‍മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്നു ആദായനികുതിയിനത്തില്‍ പണം പിടിച്ചിട്ടും അടച്ചില്ലെന്നാണ് കേസ്. അഞ്ചുവര്‍ഷമായി നികുതിക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു നിശ്ചിത തുക പിടിക്കുന്നുണ്ടായിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് 2017ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്റ്ററിയില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ്‌ നടത്തിയിരുന്നു. ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ഹാജരാകേണ്ടതായിരുന്നെന്നും എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

കോടതിയില്‍ ഹാജരാകണമെന്നുള്ള സമന്‍സ് ലഭിച്ചിട്ടില്ലെന്ന് വിശാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന്  ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചുവെന്ന് എതിര്‍ഭാഗം കോടതിയില്‍ ചോദിച്ചു.