ചലച്ചിത്ര നിരൂപണം : ചെറിഷ് കൊല്ലം
മമ്മൂട്ടി ഒരു മുഴുനീള നെഗറ്റീവ് കഥാപാത്രമായെത്തുന്ന മലയാള ചലച്ചിത്രം ''പുഴു ' സഹൃദയ പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ നേടി വിജയകരമായി മുന്നേറുന്നു. 2022 മെയ് മാസം, സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.
മുന്‍പൊരു ചിലച്ചിത്ര പ്രദര്‍ശന സമ്മേളനത്തില്‍ വച്ച് ''കസബ'' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളെ പരസ്യമായി വിമര്‍ശിച്ചതു വഴി, ചില ആരാധകരുടെ സൈബര്‍ ആക്രമണവും ഏതാനും ചലച്ചിത്ര ലോബികളുടെ അനൗദ്യോഗിക പുറത്താക്കലും നേരിട്ട വനിതാവിമോചന പ്രവര്‍ത്തകയും പ്രമുഖ നടിയുമായ പാര്‍വതി തെരുവോത്ത് മമ്മൂട്ടിയോടൊപ്പം പ്രതിനായികയായെത്തുന്ന ഈ ചിത്രം, ഒരു മധുര പ്രതികാരത്തിന്റെയും വിട്ടുവീഴ്ചയുടെയും വേദി കൂടിയാവുകയാണ്.
മലയാള ചലച്ചിത്രം അടുത്ത കാലത്തൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ജാതിവെറിയെന്ന സാമൂഹ്യ വിപത്തിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. യാഥാസ്ഥിക ബ്രാഹ്മണ കുലത്തില്‍ ജനിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനായി വിരമിച്ച കുട്ടന് എന്ന നായകന് തന്റെ ഏക മകനായ കിച്ചുവിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ആഡംബര ഫ്ലാറ്റില്‍ വിശ്രമ ജീവിതം നയിക്കവേ, തന്റെ വഴിവിട്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ കാട്ടിക്കൂട്ടിയ അനീതികള്‍ക്കും അഴിമതികള്‍ക്കും അവസാന കാലത്തും ജീവന് കൊണ്ട് കണക്കു പറയേണ്ടി വരുന്ന അവസ്ഥയിലാണ്. വിവിധ തരത്തിലുള്ള ഭയത്തിനും സംശയത്തിനും അടിമയായ കുട്ടന് തന്റെ ഔദ്യോഗിക പ്രവര്‍ത്തന ശൈലിയുടെ ഇര കൂടെയാണ്. നിയമം നടപ്പിലാക്കേണ്ടവന് നിയമം ലംഘിക്കുന്ന വൈരുധ്യവും അതില്‍ കാണാനാകും. മാത്തച്ചന് എന്ന അടിയാളനെ പുറം കാല് കൊണ്ട് ചവിട്ടി തള്ളുന്ന ആധുനിക മാടമ്പി കൂടിയാണ് കുട്ടന്.
സാധാരണ ബ്രഷിനു പകരം ഇലക്ട്രിക് ബ്രഷ് കൊണ്ട് പല്ലു തേക്കുകയും വെളുപ്പാണ് ആരോഗ്യവും സൗന്ദര്യവും കുലീനതയുമെന്ന് ആധുനിക കാലത്തും അന്ധമായി വിശ്വസിക്കുന്ന ഈ സംഘ മിത്രം തന്റെ മകനെയും അത്തരം മിഥ്യാധാരണയില്‍ വളര്‍ത്തുവാന്‍ ശ്രമിക്കുന്നു. തക്കാളി ഒരു പഴമല്ല , അത് പച്ചക്കറിയാണെന്നും, മൈതാനത്തെ കുട്ടികളുമായി ക്രിക്കറ്റ് കളിയ്ക്കാന്‍ പോയാല്‍ വഴി പിഴയ്ക്കുമെന്നും മറ്റും നിരവധി അബദ്ധ ധാരണകളാണ് നായകന് തന്റെ മകനെ പഠിപ്പിക്കുന്നത്. ഒടുവില്‍ ആ മകന് നായകനെ തള്ളിപ്പറയുമ്പോള്‍ അയാള്‍ ധര്‍മ്മസങ്കടത്തിലാകുന്നു.
തന്റെ സഹോദരി കുട്ടപ്പന് എന്ന കേവലം നാടകനടനും കീഴ് ജാതിക്കാരനുമായ ഒരുത്തനുമായി ഒളിച്ചോടിപ്പോയതിന്റെ ദുരഭിമാനത്തില്‍ അവരോടുള്ള അടങ്ങാത്ത പകയുമായി ജീവിക്കുകയാണ് കുട്ടന്. ഈ രണ്ടു കഥാപാത്രങ്ങളും തമ്മില്‍ പേരില്‍ മാത്രമേ സാദൃശ്യമുള്ളൂ. കുട്ടന്റെ ഫ്ലാറ്റ് സമുച്ചയത്തില്‍ ഈ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുവാനെത്തുന്നതോടെയാണ് കഥയുടെ ചുരുള്‍ നിവരുന്നത് .
പുരാണത്തിലെ ഒരു കഥ പറയാം. പണ്ട് വനത്തില്‍ കൊടും തപസിലിരുന്ന ഒരു മഹര്‍ഷിയെ ആ വനത്തില്‍ വേട്ടയ്ക്ക് വന്ന പരീക്ഷിത്തു രാജാവ് ശല്യപ്പെടുത്തിയതിനു പ്രതികാരമായി മുനിയുടെ മകന് രാജാവിനെ ശപിച്ചു. ഏഴു ദിവസത്തിനുള്ളില്‍ തക്ഷകന് എന്ന വലിയ സര്‍പ്പത്തിന്റെ ദംശനമേറ്റു കൊല്ലപ്പെടുമെന്നായിരുന്നു ശാപം. ഭയപ്പെട്ട രാജാവ് മരണത്തില്‍ നിന്നും രക്ഷപെടുവാനായി ആകാശത്തില്‍ ഒരു കോട്ട നിര്‍മ്മിച്ച്, അതില്‍ സര്വസുരക്ഷയോടു കൂടെ ഇരിപ്പായെങ്കിലും, അദ്ദേഹത്തിന് ഭക്ഷിക്കുവാന്‍ കൊണ്ട് വന്ന ഒരു പഴത്തില്‍ പുഴുവായി കടന്നു ചെന്ന തക്ഷകന് പൊടുന്നനെ ഉഗ്രരൂപം പൂണ്ടു രാജാവിനെ കഴുത്തില്‍ വരിഞ്ഞു മുറുക്കി കൊലചെയ്തു. ഈ പുരാണ കഥയിലെ പുഴുവിന്റെ സാദൃശ്യവും സാമീപ്യവും ചിത്രത്തിന്റെ ബിംബവിഷ്കാരങ്ങളില് ദര്‍ശിക്കുവാനാകും.
നാടക രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടും ആ രംഗത്തും സ്വന്തം ജീവിതത്തിലും അവഗണനയും അവഹേളനയും നേരിടുന്ന കുട്ടപ്പന് എന്ന ദളിതന്റെ ആത്മസംഘര്‍ഷങ്ങള്‍ വരച്ചു കാട്ടുന്ന രംഗങ്ങള്‍ ആധുനിക കാലത്തും കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന ജാതിവെറിയും തൊട്ടുകൂടായ്മയും പോലുള്ള അനാചാരങ്ങള്‍ ചോദ്യം ചെയ്യുകയാണ് ചലച്ചിത്രത്തിന്റെ സന്ദേശവും സമൂഹത്തിനു നല്കുന്ന മുന്നറിയിപ്പും. ' റോബോട്ട് വന്നാലും സ്ഥിഗതികള്‍ ഒന്നും മാറില്ലല്ലോ ' എന്നും, ''ശീലങ്ങളല്ലേ മാറ്റാന്‍ കഴിയൂ; ചിന്താഗതികളൊന്നും മാറില്ലല്ലോ ' എന്നും രണ്ടു സന്ദര്‍ഭങ്ങളിലായി കുട്ടപ്പന് എന്ന ഉപനായക കഥാപാത്രം തന്റെ ഉന്നത കുലജാതയായ ഭാര്യയോട് പറയുന്നുണ്ട്. കേരളത്തിലും അന്തര്‍ദേശീയതലത്തിലും നാടക രംഗത്ത് പ്രതിഭയായി പേരെടുക്കുകയും, ''പലേരി മാണിക്യം ' എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുള്ള അപ്പുണ്ണി ശശിയാണ് ഈ കഥാപാത്രത്തിനു ജീവന് നല്‍കിയിരിക്കുന്നത്. ദൃശ്യവശ്യമായ ആധുനിക നാടകാവിഷ്കാരങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തിയ രംഗങ്ങള്‍ ചിത്രന്റെ കഥയോട് തുടക്കം മുതല്‍ ഒടുക്കം വരെ ഇഴ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഈ സിനിമയെ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താന്‍ കഴിയുന്നത്, നിരപരാധിയായ ഒരു മനുഷ്യനെ തീവ്രവാദിയാക്കി പോലീസ് മുദ്രകുത്തി ജയിലില്‍ തള്ളുകയും അവിടെ വച്ച് അയാള്‍ മരണപ്പെടുകയും ചെയ്യൂമ്പോള്‍, അയാളുടെ യുവാവായ മകന് അതിനു പ്രതികാരം ചെയ്യുവാനായി പുറപ്പെടുന്നിടത്താണ്. ഹര്‍ഷാദിന്റെ മികച്ച കഥയാണ് ചിത്രത്തിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകമെന്ന് നിസ്സംശയം പറയാം. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാസംവിധായികയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. തേനി ഈശ്വറിന്റെ ഛായാഗ്രഹണം അതിമനോഹരം. ഗാനങ്ങളില്ലെങ്കിലും ജെയ്ക്സ് ബിജോയ് യുടെ പശ്ചാത്തലസംഗീതം ഇതിവൃത്തത്തിനും ത്രില്ലറിനും അനുയോജ്യം. യാഥാസ്തിക സാമൂഹ്യ നിയമങ്ങള്‍ക്കു മാത്രമല്ല, യാഥാസ്തിക സിനിമാ നിയമങ്ങള്‍ക്കുമുള്ള പൊളിച്ചെഴുത്താണ് ' പുഴു''.