ഡോ. ബിജുവിന്റെ വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായി ചലച്ചിത്ര മേളയില്‍ പുരസ്‌ക്കാരം


JUNE 24, 2019, 10:57 AM IST

മലയാള ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു സംവിധാനം ചെയ്ത 'വെയില്‍മരങ്ങള്‍'് ഇരുപത്തി രണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍  പുരസ്‌കാരം നേടി.

ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരമാണ് 'വെയില്‍മരങ്ങള്‍' നേടിയത്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളില്‍ ഒന്നായ ഷാങ്ഹായ് ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗമായ ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിച്ച ഒരേ ഒരു ഇന്ത്യന്‍ സിനിമ കൂടിയാണ് 'വെയില്‍മരങ്ങള്‍'. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിര്‍ണ്ണയിക്കുന്ന 'ഫിയാപ്ഫി'ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളില്‍ ഒന്നാണ് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേള.

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം ആണ് ചിത്രം നിര്‍മ്മിച്ചത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് 'വെയില്‍മരങ്ങള്‍' ചിത്രീകരിച്ചത്.

ഈ വര്‍ഷം, 112 രാജ്യങ്ങളില്‍ നിന്നുള്ള 3964 ചിത്രങ്ങളില്‍ നിന്ന് 14 ചിത്രങ്ങളാണ് ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആയിരുന്നു ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍. ജൂണ്‍ 15 നു ആരംഭിച്ച ഷാങ്ഹായി മേള ഇന്നു സമാപിക്കും.

ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യന്‍ സിനിമ ഇതിന് മുന്‍പ് മത്സരിക്കുന്നത് 2012 ല്‍ ആയിരുന്നു, ഡോ.ബിജുവിന്റെ 'ആകാശത്തിന്റെ നിറമായിരുന്നു ആ ചിത്രം.