എച്ച് 1 ബി വിസ വിവാദം: പുതിയ അപേക്ഷകള്‍ നിര്‍ത്തി ഇന്ത്യന്‍ ഐടി ഭീമന്‍; വിദേശത്ത് പ്രാദേശിക നിയമനങ്ങള്‍ക്ക് മുന്‍തൂക്കം

എച്ച് 1 ബി വിസ വിവാദം: പുതിയ അപേക്ഷകള്‍ നിര്‍ത്തി ഇന്ത്യന്‍ ഐടി ഭീമന്‍; വിദേശത്ത് പ്രാദേശിക നിയമനങ്ങള്‍ക്ക് മുന്‍തൂക്കം


ന്യൂയോര്‍ക്ക്: അമേരിക്കയിലെ എച്ച് 1 ബി വിസ ചട്ടങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍, പുതിയ വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് നിര്‍ത്തിവയ്ക്കുന്നുവെന്ന് ഇന്ത്യന്‍ ഐടി ഭീമനായ LTIMintdree. 
കമ്പനി സിഇഒ വേണുഗോപാല്‍ ലാംബു (വേണു) ആണ് ഈ തീരുമാനം വ്യക്തമാക്കിയത്. വിദേശ വിപണികളില്‍ പ്രാദേശികമായി ജീവനക്കാരെ നിയമിക്കുന്നതിലേക്കാണ് ഇനി കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
' പ്രത്യേക ജോലികള്‍ ' എന്ന വിഭാഗത്തിലുള്ള എച്ച് 1 ബി വിസയെ കുറിച്ച് അമേരിക്കയില്‍ കടുത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് തീരുമാനം. ട്രംപ് ഭരണകൂടം പുതിയ എച്ച് 1 ബി അപേക്ഷകള്‍ക്ക് 1 ലക്ഷം ഡോളര്‍ അധിക ഫീസ് പ്രഖ്യാപിച്ച സാഹചര്യവും കമ്പനിയുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനെതിരെ മാഗാ നേതാക്കളും അനുഭാവികളും ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെ, ഐടി കമ്പനികളുടെ വിസ നയങ്ങള്‍ വീണ്ടും പരിശോധനയ്ക്കു വിധേയമായിരിക്കുകയാണ്.

'ഞങ്ങള്‍ പ്രാദേശികമായി നിയമനം തുടരുകയാണ്. ശക്തമായ ബിസിനസ് ആവശ്യകത ഇല്ലാതെ 1 ലക്ഷം ഡോളര്‍ ചെലവഴിച്ച് പുതിയ എച്ച് 1 ബി അപേക്ഷകള്‍ നല്‍കില്ല.' പുതിയ എച്ച് 1 ബി അപേക്ഷകള്‍ നല്‍കില്ലെന്ന് വ്യക്തമാക്കി ലാംബു പറഞ്ഞു.  ഈ നയം അടുത്ത എച്ച് 1 ബി ലോട്ടറി ക്രമം മുതല്‍ നിലവില്‍ വരുമെന്നും, നിലവിലെ വിസകളുടെ പുതുക്കല്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചട്ടങ്ങളില്‍ ഭാവിയില്‍ മാറ്റമുണ്ടായാല്‍ തീരുമാനത്തില്‍ പുനഃപരിശോധന നടത്തുമെന്നും ലാംബു വ്യക്തമാക്കി.

നിലവില്‍ അമേരിക്കയില്‍ LTIMintdree-യ്ക്ക് 86,000ത്തിലധികം ജീവനക്കാരുള്ളതില്‍ ഏകദേശം 4,000 പേര്‍ മാത്രമാണ് എച്ച് 1 ബി വിസക്കാരെന്ന് സിഇഒ പറഞ്ഞു. എച്ച് 1 ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചതും, ഓണ്‍സൈറ്റ് നിയമന സംവിധാനം ശക്തമാക്കിയതും ഈ തീരുമാനം എടുക്കാന്‍ കമ്പനിയെ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ വിസ ഫയലിംഗുകള്‍ ഒഴിവാക്കുന്നതിലൂടെ വരുമാന വര്‍ധനവിലാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 64 മില്യണ്‍ ഡോളറിന്റെ അധിക വരുമാനം ഉണ്ടാക്കിയതായി ലാംബു ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ എണ്ണം അനുപാതികമായി കൂട്ടാതെ തന്നെ വരുമാനം ഇരട്ടിയാക്കാനാണ് അടുത്ത അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി.