സഹപാഠികളായ മൂന്നംഗ യുവ സംരംഭകര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാര്‍; രണ്ടുപേര്‍ ഇന്ത്യന്‍ വംശജര്‍

സഹപാഠികളായ മൂന്നംഗ യുവ സംരംഭകര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാര്‍; രണ്ടുപേര്‍ ഇന്ത്യന്‍ വംശജര്‍


കാലിഫോര്‍ണിയ: സ്വയം സംരംഭങ്ങളിലൂടെ ഒട്ടേറെ യുവാക്കള്‍ അസൂയാവഹമായ സാമ്പത്തിക പുരോഗതി കൈവരിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ലോകത്തെമ്പാടുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ അമേരിക്കയില്‍ നിന്ന് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നു. സഹപാഠികളായ മൂന്ന് യു സംരംഭകര്‍ ചേര്‍ന്ന് നടത്തിയ സ്റ്റാര്‍ട്ടപ്പ് 350 മില്യന്‍ ഡോളര്‍ ഫണ്ട് ശേഖരിച്ച സ്ഥാപനത്തിന്റെ ഉടമകളാക്കിയെന്നറിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അതും വെറും 22 ാം വയസില്‍. ഇന്ത്യന്‍ വംശജരും സഹപാഠികളുമായ ബ്രെന്‍ഡന്‍ ഫൂഡി, ആദര്‍ശ് ഹിരേമത്ത്, സുര്യ മിധ എന്നിവരാണ് ഈ നേട്ടം 
കൈവരിച്ചത്.
സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കൃത്രിമബുദ്ധി റിക്രൂട്ടിംഗ് സ്റ്റാര്‍ട്ടപ്പായ മെര്‍ക്കോര്‍ (Mercor)ന്റെ  സ്ഥാപകരാണിവര്‍. സ്വന്തം അദ്ധ്വാനം കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  കോടീശ്വരന്മാരായി മാറിയിരിക്കുകയാണ് ഈ ത്രമൂര്‍ത്തികള്‍ എന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെര്‍ക്കോര്‍ അടുത്തിടെ 350 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് സമാഹരിച്ചുവെന്ന് ഫോബ്‌സ് പറയുന്നു. ഇതോടെ കമ്പനിയുടെ മൂല്യം 10 ബില്യണ്‍ ഡോളറിലെത്തി, മൂന്ന് സ്ഥാപകരെയും കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ 2008ല്‍ 23ാം വയസില്‍ പട്ടികയില്‍ ഇടം നേടിയ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മറികടന്നാണ് ഇവര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

മെര്‍ക്കോര്‍ സ്ഥാപകരായ ഈ മൂന്ന് യുവാക്കള്‍, അടുത്തിടെ കോടീശ്വരന്മാരായ ടെക് സംരംഭകരുടെ എലൈറ്റ് കൂട്ടത്തില്‍ ഇടം നേടിയിരുന്നു. ഇവര്‍ക്കുമുമ്പ്, പോളി മാര്‍ക്കറ്റ് (Polymarkte ) സി.ഇ.ഒ. ഷെയ്ന്‍ കോപ്ലന്‍ (27)നും സ്‌കെയില്‍ എഐ (Scale AI) യുടെ ആലക്‌സാണ്ടര്‍ വാങ് (28)ഉം ആണ് ആ പട്ടികയില്‍ ഇടം നേടിയത്. വാങിന്റെ സഹസ്ഥാപകയായ ലൂസി ഗുവോ 30ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിര്‍മ്മിത വനിതാ ബില്യണറായി മാറിയിരുന്നു.

മൂവരില്‍ സുര്യ മിധയും ആദര്‍ശ് ഹിരേമത്തും ഇന്ത്യന്‍ വംശജരാണ്. ഇരുവരും കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയിലുള്ള ബെല്ലാര്‍മൈന്‍ കോളേജ് പ്രിപറേറ്ററിയില്‍ ഒരുമിച്ച് പഠിച്ചു, അവിടെ ഡിബേറ്റ് ടീമിലെ അംഗങ്ങളായിരുന്നു. ദേശീയ തലത്തിലുള്ള മൂന്ന് പോളിസി ഡിബേറ്റ് ടൂര്‍ണമെന്റുകളും ഒരേ വര്‍ഷം ജയിച്ച ആദ്യ ഇരട്ടകളായി അവര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

സുര്യ മിധയുടെ മാതാപിതാക്കള്‍ ന്യൂഡെല്‍ഹിയില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. മൗണ്ടന്‍ വ്യൂവിലാണ് മിധയുടെ ജനനം, സാന്‍ ഹോസെയിലാണ് വളര്‍ന്നത്. ആദര്‍ശ് ഹിരേമത്ത് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠനം ആരംഭിച്ചെങ്കിലും, രണ്ടാം വര്‍ഷത്തില്‍ മെര്‍ക്കോറിന് മുഴുവന്‍ സമയം നല്‍കാനായി പഠനം നിര്‍ത്തി.

'ഞാന്‍ ഇപ്പോഴും കോളേജ് പൂര്‍ത്തിയാക്കിയിരിക്കേണ്ട പ്രായത്തിലാണ്. എന്നാല്‍ ജീവിതം പൂര്‍ണ്ണമായും മാറി,' -ഹിരേമത്ത് ഫോര്‍ബ്‌സ്‌നോട് പറഞ്ഞു.

അതേസമയം, മിധയും ബ്രെന്‍ഡന്‍ ഫൂഡിയുമാണ് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പഠിച്ചിരുന്നത് - മിധ ഫോറിന്‍ സ്റ്റഡിസിലും ഫൂഡി ഇക്കണോമിക്‌സിലും. അവര്‍ രണ്ടുപേരും ഹിരേമത്തിനെ പോലെ തന്നെ പഠനം നിര്‍ത്തി സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് മാറി മെര്‍ക്കോറില്‍ മുഴുവന്‍ സമയം ചെലവഴിച്ചു.

മൂവരും തീല്‍ ഫെലോഷിപ്പ് നേടിയവരാണ്. 'ഹാര്‍വാര്‍ഡിലെ രണ്ടാം വര്‍ഷത്തില്‍ ഞാന്‍ താമസസ്ഥലത്തിരുന്നാണ് മെര്‍ക്കോര്‍ ആരംഭിച്ചത്. തൊഴില്‍ വിപണി ഏകീകരണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അവസരമാണെന്ന് വിശ്വസിച്ച ഞാന്‍ പഠനം നിര്‍ത്തി സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് മാറി,- എന്ന് ഹിരേമത്ത് തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ കുറിക്കുന്നു.