ലോകോത്തര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച് കൊച്ചി
തിരുവനന്തപുരം: ലോകത്ത് 2026ല്‍ സന്ദര്‍ശിക്കേണ്ട മികച്ച ട്രെന്‍ഡിങ് ടൂറിസം ലക്ഷ്യസ്ഥാനങ്ങളുടെ ബുക്കിംഗ്.കോമിന്റെ പട്ടികയില്‍ കൊച്ചി ഇടം നേടി. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ട ഏക നഗരമാണിത്.
ദക്ഷിണേന്ത്യയുടെ സമ്പന്നമായ പൈതൃകവും പ്രകൃതിസൗന്ദര്യവും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതാണ് കൊച്ചിക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. നൂറ്റാണ്ടുകളായി ആഗോള വ്യാപാരത്തിന്റെയും സാംസ്‌കാരിക ഇടപെടലുകളുടെയും കേന്ദ്രമായിട്ടാണ് ബുക്കിംഗ്.കോം കൊച്ചിയെ വിശേഷിപ്പിച്ചത്. ചരിത്ര പൈതൃകവും ആധുനിക കലാസ്വാദനവുമൊത്ത് വിനോദസഞ്ചാരികള്‍ക്ക് ഒരു അപൂര്‍വ്വാനുഭവമാണ് നഗരം വാഗ്ദാനം ചെയ്യുന്നത്.
ചീനവലകളും പൈതൃകമാര്‍ക്കറ്റുകളും നഗരത്തിന്റെ മനോഹാരിത അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് അടുത്തറിയാന്‍ സഹായിക്കുന്നു. ചരിത്രവുമായി ബന്ധപ്പെട്ട പുരാതന നിര്‍മ്മിതികളെ ആധുനിക കലാസ്ഥലങ്ങളാക്കി മാറ്റുന്ന കൊച്ചി മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികളും കൊച്ചിയുടെ ആഗോള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതായി ബുക്കിംഗ്.കോം ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയുടെ സമ്പന്നമായ ഭക്ഷണപരമ്പരയും പ്രദേശത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രതീകമായാണ് വെബ്‌സൈറ്റ് വിശദീകരിക്കുന്നത്.
കൊച്ചിയേക്കാള്‍ അപ്പുറം, ആലപ്പുഴയിലെ ഹൗസ് ബോട്ട് ക്രൂസുകളും, മൂന്നാറിലെ മൂടല്‍മഞ്ഞ് മൂടിയ കുന്നുകളും ചായതോട്ടങ്ങളും, മരാരിക്കടല്‍ത്തീരത്തിലെ സ്വര്‍ണമണല്‍ തീരങ്ങളും-ഇതെല്ലാം കൂടി കേരളത്തിന്റെ പ്രകൃതി സൗന്ദര്യം 'വാക്കുകള്‍ക്കതീതം' ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തമമായ അന്താരാഷ്ട്ര കണക്റ്റിവിറ്റിയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കേരളത്തിന്റെ ആകര്‍ഷണങ്ങളിലേക്കുള്ള പ്രധാന കവാടമാണെന്ന് ബുക്കിംഗ്.കോം വിലയിരുത്തുന്നു.
'ഇത് കേരള ടൂറിസത്തിനുള്ള ആഗോള അംഗീകാരമാണ്,' എന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ ഉറപ്പിക്കുന്ന ഒരു നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ അന്താരാഷ്ട്ര അംഗീകാരം സംസ്ഥാനത്തിലെ ടൂറിസം വളര്‍ച്ചയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.
