ഇന്ത്യയെപ്പോലൊരു സഖ്യകക്ഷിയോട് മോശമായി പെരുമാറുന്നത് അമേരിക്കയുടെ തന്ത്രപരമായ മണ്ടത്തരമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആന്‍ഡ്രസ് വെലാസ്‌കോ

ഇന്ത്യയെപ്പോലൊരു സഖ്യകക്ഷിയോട് മോശമായി പെരുമാറുന്നത് അമേരിക്കയുടെ തന്ത്രപരമായ മണ്ടത്തരമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആന്‍ഡ്രസ് വെലാസ്‌കോ


ന്യൂഡല്‍ഹി:  അമിതമായ താരിഫ് ചുമത്തുന്നതിലൂടെ ഇന്ത്യയെ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയുടെ ഡീനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആന്‍ഡ്രസ് വെലാസ്‌കോ. യുഎസ് താരിഫ് നയത്തെ 'യുക്തിരഹിതവും, പ്രവചനാതീതവും, നിയമവിരുദ്ധവുമാണെന്ന്' വിശേഷിപ്പിച്ച ആന്‍ഡ്രസ് വെലാസ്‌കോ, ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ സഖ്യകക്ഷിയോട് 'മോശമായി പെരുമാറുന്നത്' വാഷിംഗ്ടണിന് സംഭവിക്കുന്ന തന്ത്രപരമായ മണ്ടത്തരമാണെന്ന് വാദിക്കുന്നു.

'50% താരിഫ് ഉപയോഗിച്ച്, അമേരിക്ക ഇന്ത്യയോട് മോശമായി പെരുമാറിയിട്ടുണ്ട്. ഇത് അമേരിക്കയ്ക്ക് സംഭവിച്ച തന്ത്രപരമായ ഒരു പിഴവാണ്, ഇന്ത്യയെ ഒരു വ്യാപാര പങ്കാളിയായി മാത്രമല്ല, ആഗോള രാഷ്ട്രീയത്തിലും തന്ത്രത്തിലും ഒരു പ്രധാന കളിക്കാരനായി ആവശ്യമുണ്ട് എന്നത് മറക്കരുതെന്ന്  ചിലിയുടെ മുന്‍ ധനമന്ത്രിയായ വെലാസ്‌കോ അഭിപ്രായപ്പെച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടേത് 'പ്രശംസനീയമായ' ജനാധിപത്യമാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു, 'ഏതെങ്കിലും രാജ്യത്തോട് മോശമായി പെരുമാറുന്നത് മോശമാണ്, പക്ഷേ ഒരു ജനാധിപത്യ സഖ്യകക്ഷിയോട് മോശമായി പെരുമാറുന്നത് അതിലും മോശമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ കണ്‍സെന്‍സസ് എന്നറിയപ്പെടുന്ന പുതിയ സാമ്പത്തിക തത്വങ്ങളുടെ ഒരു കൂട്ടം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെത്തിയ വെലാസ്‌കോ  'കാലഹരണപ്പെട്ട' വാഷിംഗ്ടണ്‍ കണ്‍സെന്‍സസിന്റെ ഉദാഹരണമാണ് നിലവിലെ അവരുടെ നയമെന്ന് അദ്ദേഹം പറഞ്ഞു.  യുഎസ് താരിഫ് അന്താരാഷ്ട്ര നിയമപ്രകാരം മാത്രമല്ല, അമേരിക്കന്‍ നിയമപ്രകാരവും നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'പരിഷ്‌കാരങ്ങള്‍ക്കായുള്ള ഉത്തേജകന്‍'

'ലോക വ്യാപാരത്തിന്റെ 14% മാത്രമാണ് യുഎസിന്റെ പങ്ക് എന്ന് ഓര്‍മ്മിക്കണം. ഇന്ത്യയ്‌ക്കോ ബ്രസീലിനോ വ്യാപാരം ചെയ്യാന്‍ കഴിയുന്ന മറ്റ് നിരവധി രാജ്യങ്ങളുണ്ട്. മാത്രമല്ല, ഒരു നെഗറ്റീവ് ഷോക്ക് ഒരു നല്ല സ്വാധീനം ചെലുത്തും  അത് പരിഷ്‌കാരങ്ങള്‍ക്കും കൂടുതല്‍ മത്സരശേഷിക്കും ഒരു ഉത്തേജകമായി വര്‍ത്തിക്കും- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യ അതിന്റെ വിപണികളെ ഗണ്യമായി ഉദാരവല്‍ക്കരിച്ചുവെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഉദാരണവത്ക്കരണത്തില്‍, രാജ്യം 'ഇപ്പോഴും പല ഏഷ്യന്‍ രാജ്യങ്ങളേക്കാളും വളരെ പിന്നിലാണ് എന്ന് വെലാസ്‌കോ അഭിപ്രായപ്പെട്ടു.

'ഇന്ത്യയ്ക്ക് പറയാന്‍ ഇതൊരു അവസരമായിരിക്കാം: നമുക്ക് ഈ വെല്ലുവിളിയെ നേരിടാം, കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാം. ഇന്ത്യയ്ക്ക് ചിലത് നഷ്ടപ്പെട്ടേക്കാം, പക്ഷേ മറ്റ് മേഖലകളിലും അത് നേട്ടമുണ്ടാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സമീപകാല ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങളെ പ്രശംസിക്കുന്നതിനിടയില്‍, ഒന്നിലധികം നികുതി നിരക്കുകള്‍ പ്രാഥമികമായി 5% ഉം 18% ഉം ആയി ഏകീകരിച്ച വെലാസ്‌കോ, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു. 'പല രാജ്യങ്ങള്‍ക്കും ഒരു മൂല്യവര്‍ധിത നികുതി മാത്രമേയുള്ളൂ എന്നത് ഓര്‍ക്കണം. ഉദാഹരണത്തിന്, തന്റെ സ്വന്തം രാജ്യമായ ചിലിയില്‍, 19% എന്ന ഒറ്റ ഫ്‌ലാറ്റ് നിരക്കുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ആഗോള വ്യാപാരത്തില്‍ രാജ്യത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിന് ഇന്ത്യയും അതിന്റെ താരിഫ് ഇതര തടസ്സങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വളര്‍ച്ച ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അത് നിസ്സാരമായി കാണാനാവില്ലെന്നും, 21ാം നൂറ്റാണ്ടിലേക്കുള്ള ഒരു പുതിയ സാമ്പത്തിക ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി ലണ്ടനില്‍ 55 സാമ്പത്തിക വിദഗ്ധരുടെ ഒരു സംഘം യോഗം ചേര്‍ന്ന പുതുതായി ആരംഭിച്ച ലണ്ടന്‍ കണ്‍സെന്‍സസിനെ പരാമര്‍ശിച്ചുകൊണ്ട് വെലാസ്‌കോ ഊന്നിപ്പറഞ്ഞു.

'1990 കളുടെ തുടക്കത്തില്‍ പരിഷ്‌കാരങ്ങള്‍ ആരംഭിച്ച്, ഇന്ത്യ അതിന്റെ വളര്‍ച്ചാ പാത വളരെ പ്രധാനപ്പെട്ട രീതിയില്‍ മാറ്റി. പക്ഷേ അത് പകുതിമാത്രമേ ആയിട്ടുള്ളൂ.' അദ്ദേഹം പറഞ്ഞു. 'ലണ്ടന്‍ കണ്‍സെന്‍സസ് വളര്‍ച്ച ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു രാജ്യം അതിവേഗം വളര്‍ന്നു എന്നതുകൊണ്ട് മാത്രം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ അത് വളരുമെന്ന് ഉറപ്പുനല്‍കുന്നില്ല. വളര്‍ച്ച മുഴുവന്‍ നവീകരണത്തെക്കുറിച്ചാണെന്നും ഇന്നലത്തെ മുന്നേറ്റം ഇന്നത്തെ പഴയ വാര്‍ത്തയാണ്.' എന്നും അദ്ദേഹം പറഞ്ഞു.

പുതിയ താരിഫ് വെല്ലുവിളികള്‍ക്കും ആഗോള അനിശ്ചിതത്വത്തിനും ഇടയില്‍ ഇന്ത്യയ്ക്ക് അതിന്റെ ഉയര്‍ന്ന വളര്‍ച്ചാ പാത എങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്ന ചോദ്യത്തിന് 'പരിഷ്‌കാരങ്ങളുടെ അടുത്ത തരംഗത്തിലാണ് ഉത്തരം ഉള്ളതെന്ന് വെലാസ്‌കോ പറഞ്ഞു.
'അടുത്ത കാല്‍ നൂറ്റാണ്ടില്‍ നവീകരണം ഊര്‍ജ്ജസ്വലമായി തുടരുമെന്നും ഇന്ത്യ അതിവേഗം വളരുമെന്നും അത് ഉറപ്പാക്കും,' അദ്ദേഹം പറഞ്ഞു.