റിസര്‍വ് ബാങ്കിന്റെ 26-ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു

റിസര്‍വ് ബാങ്കിന്റെ 26-ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു


മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് സഞ്ജയ് മല്‍ഹോത്രയുടെ നിയമനം. ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമാണ് മുന്‍ റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചത്. രാജസ്ഥാന്‍ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോ?ഗസ്ഥനാണ് മല്‍ഹോത്ര.

പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ എക്സ്-ഒഫിഷ്യോ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഐഐടി കാണ്‍പൂരിലെ പൂര്‍വ വിദ്യാര്‍ഥിയാണ് മല്‍ഹോത്ര. യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

33 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

സംസ്ഥാനത്തെയും കേന്ദ്ര സര്‍ക്കാരിലെയും ധനകാര്യത്തിലും നികുതിയിലും അനുഭവ സമ്പത്തുള്ള വ്യക്തിയാണ് സഞ്ജയ് മല്‍ഹോത്ര. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, രഘുറാം രാജന്‍, ബിമല്‍ ജലാന്‍, ഉര്‍ജിത് പട്ടേല്‍, ഡി. സുബ്ബറാവു, ഡോ. വൈ.വി റെഡ്ഡി, ഡോ. സി. രംഗരാജന്‍, എസ്. ജഗനാഥന്‍ എന്നിവരടങ്ങുന്ന പട്ടികയിലേക്കാണ് സഞ്ജയ് മല്‍ഹോത്രയും ചേരുന്നത്.