എഐ മേഖലയില്‍ ടാറ്റയുടെ പുതിയ നീക്കം: യു.എസ്. ആസ്ഥാനമായ സ്ഥാപനത്തിന്റെ 51% ഓഹരി ഏറ്റെടുത്തു

എഐ മേഖലയില്‍ ടാറ്റയുടെ പുതിയ നീക്കം: യു.എസ്. ആസ്ഥാനമായ സ്ഥാപനത്തിന്റെ 51% ഓഹരി ഏറ്റെടുത്തു


എഐ-അധിഷ്ഠിത ഉപഭോക്തൃ അനുഭവവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സേവനങ്ങളും ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, ലോസ് ആഞ്ചുലസ് ആസ്ഥാനമായ കമ്മോഷന്‍ ഐഎന്‍സിയുടെ 51 ശതമാനം ഓഹരി ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഏറ്റെടുത്തു. പൂര്‍ണമായും പണമായി നല്‍കിയ ഇടപാട് ഡിസംബര്‍ 1നാണ് പൂര്‍ത്തിയായത്. ഏകദേശം 25.5 മില്യണ്‍ ഡോളറാണ് ഇടപാടിന്റെ മൂല്യം.

നിലവിലെ നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ ഏറ്റെടുക്കലും കമ്പനിയിലേക്കുള്ള പുതിയ നിക്ഷേപവും ചേര്‍ന്നതാണ് ഇടപാട്. ബന്ധമുള്ള പാര്‍ട്ടികളുടെ ഇടപെടല്‍ ഒന്നുമില്ലെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള ഫയലിംഗില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.

2022ല്‍ സ്ഥാപിതമായ കമ്മോഷന്‍, എഐ ഉപയോഗിച്ച് സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ചാനലുകളിലെ ഉപഭോക്തൃ ഇടപെടലുകള്‍ ഓട്ടോമേറ്റ് ചെയ്യാനും വ്യക്തിപരമാക്കാനും സഹായിക്കുന്ന പരിഹാരങ്ങളാണ് വികസിപ്പിക്കുന്നത്. വോയ്‌സ് എഐ, ഒമ്‌നിച്ചാനല്‍ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓട്ടോമേഷന്‍, സ്വയം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഏജന്റുകള്‍ തുടങ്ങി വിവിധ മേഖലയിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. 2024 ഡിസംബര്‍ 31ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 118,750 ഡോളറാണ്.

'എഐ കാലഘട്ടത്തിലെ ഉപഭോക്തൃ അനുഭവമേഖലയെ പുനര്‍നിര്‍വചിക്കുന്ന യാത്രയിലെ വലിയ ചുവടുവയ്പ്പാണ് ഈ ഏറ്റെടുക്കല്‍,' എന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എം.ഡി.യും സിഇഒയുമായ എ.എസ്. ലക്ഷ്മീനാരായണന്‍ പറഞ്ഞു.

'ഇത് മൂലധനത്തെക്കുറിച്ചുള്ളതു മാത്രമല്ല, പങ്കുവെക്കുന്ന ദൗത്യത്തെയും നവീകരണ വേഗതയെയും ടാറ്റയുടെ ആഗോള എത്തിപ്പെടലും വിശ്വാസ്യതയും ചേര്‍ത്തിണക്കുന്ന അവസരവുമാണ്,' എന്ന് കമ്മോഷന്‍ ഇന്‍ക്. സിഇഒ ബി. മുരളി സ്വാമിനാഥന്‍ പ്രതികരിച്ചു. വിവിധ വ്യവസായങ്ങളിലേക്കുള്ള ഉത്തരവാദിത്വമുള്ള എഐ വ്യാപനത്തിനും ആഗോളതലത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വാതിലുകള്‍ ഈ സഹകരണം തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.