ചൈനയ്ക്ക് യുഎസ് ചുമത്തിയ 100% താരിഫ് ഗുണകരമാകുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക്

ചൈനയ്ക്ക്  യുഎസ് ചുമത്തിയ 100% താരിഫ് ഗുണകരമാകുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക്


ന്യൂഡല്‍ഹി:  ചൈനയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നൂറുശതമാനം തീരുവ ചുമത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം അതിരൂക്ഷമാക്കിയിരിക്കുകയാണ്. ചൈനീസ് -അമേരിക്കന്‍ വിപണികളെ ഈ നീക്കം തീപിടിപ്പിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. അതേസമയം യുഎസിന്റെ ഈ നീക്കം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ചൈനയിലെ ഉല്പന്നങ്ങള്‍ക്ക് ചെലവ് വര്‍ധിക്കുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഭാരം ഉയര്‍ത്തും. ഇതിനാല്‍ യു.എസ് കമ്പനികള്‍ മറ്റ് ഉറവിടങ്ങള്‍ തേടേണ്ടി വരുന്നതാണ് ഇന്ത്യയ്ക്ക് നേട്ടമായി മാറുക. 

2024-25 കാലഘട്ടത്തില്‍ ഏകദേശം 86 ബില്യണ്‍ യു.എസ് ഡോളറിന്റെ ഉല്പന്നങ്ങളാണ് ഇന്ത്യ യു.എസിലേക്ക് കയറ്റുമതി നടത്തിയത്. നിലവില്‍ ചൈനയ്ക്ക് തീരുവ ഉയര്‍ത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍സ്, ടോയ്‌സ്, ഇലക്ട്രോണിക്‌സ് സെക്ടറുകള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

അമേരിക്കയുടെ പുതിയ തീരുവയിലൂടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയുള്ളതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗൈനൈസേഷന്‍ പ്രസിഡന്റ് എസ്.സി റാല്‍ഹാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പ്രൊഡക്ടുകള്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് വര്‍ധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കന്‍ വിപണിയില്‍ വില മത്സരം നിര്‍ണായകമാണ്. ചൈനീസ് പ്രൊഡക്ടുകളുടെ തീരുവ 100% എന്ന തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് 50% തീരുവയാണ് ബാധകം. ഇതു തന്നെ, ഇന്ത്യയു.എസ് വ്യാപാര ചര്‍ച്ചകളെ തുടര്‍ന്ന് നവംബറോടെ 10-15% എന്ന തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രൊഡക്ടുകള്‍ക്ക് യു.എസ് വിപണിയില്‍, ചൈനീസ് കമ്പനികളേക്കാള്‍ ആധിപത്യം നേടാന്‍ സാധിക്കും. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് വലിയ കയറ്റുമതി സാധ്യതകളാണ് തുറക്കുന്നത്.

ഹൈ വോളിയം, പ്രൈസ് സെന്‍സിറ്റീവ് സെഗ്മെന്റുകളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമെടുക്കാനായിരിക്കും ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ഹ്രസ്വകാല നേട്ടം ഉറപ്പാണെങ്കിലും ശേഷി വികസനം, ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്, യു.എസ് നിബന്ധനകളുമായുള്ള പൊരുത്തപ്പെടല്‍ എന്നിവയായിരിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമായി മാറുക.

2024-25 വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യു.എസ് ആയിരുന്നു. ഉഭയകക്ഷി വ്യാപാരത്തിലൂടെ 131.84 ബില്യണ്‍ ഡോളറുകളുടെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ഇതില്‍ 86.5 ബില്യണ്‍ ഡോളറുകളുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് നടന്നത്.

ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ കയറ്റുമതി നടത്തിയ ഗുഡ്‌സില്‍ 18% യു.എസിലേക്കാണ്. യു.എസിന്റെ ആകെ മെര്‍ച്ചന്റ് ട്രേഡിങ്ങില്‍ 10.73% ഇന്ത്യയില്‍ നിന്നാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയു.എസ് വ്യാപാര ചര്‍ച്ചകള്‍ പോസിറ്റീവാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതും ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ പ്രതീക്ഷ പകരുന്നുണ്ട്.