കോവിഡ്; പുറപ്പെടുത്തുന്നതിന് മുമ്പുള്ള യാത്രാ പരിശോധനകള്‍ ഒഴിവാക്കി ഇംഗ്ലണ്ട്


JANUARY 15, 2022, 12:04 AM IST

ലണ്ടന്‍: ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പരിശോധനാ നിയമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇംഗ്ലണ്ടിലേക്ക് വരുന്ന പൂര്‍ണമായും വാക്‌സിനേഷനെടുത്ത യാത്രക്കാര്‍ക്ക് ഇനി യാത്രയ്ക്ക് മുമ്പ് പരിശോധന നിര്‍വഹിക്കേണ്ടതില്ല. മാത്രമല്ല രാജ്യത്ത് എത്തിച്ചേരുന്ന രണ്ടാം ദിവസം പി സി ആറിന് പകരം വില കുറഞ്ഞ പരിശോധനകളും നിര്‍വഹിക്കാവുന്നതാണ്. ഇതോടൊപ്പം രാജ്യത്ത് എത്തുമ്പോഴുള്ള ക്വാറന്റൈന്‍ നിയമങ്ങളിലും മാറ്റമുണ്ടാകും. 

ഇതുവരെ 12 വയസ്സിന് മുകളിലുള്ള വാക്‌സിനേഷനെടുത്ത യാത്രക്കാര്‍ യു കെയിലേക്ക് എത്തുന്നതിന് രണ്ടു ദിവസത്തിനുള്ളില്‍ നടത്തിയ പി സി ആര്‍ പരിശോധനാ തെളിവ് ഹാജരാക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും പി സി ആര്‍ പരിശോധന നടത്തുകയും ഫലത്തിന് കാത്തിരിക്കുന്ന രണ്ടു ദിവസം സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം. 

പൂര്‍ണമായും വാക്‌സിനേഷന്‍ എടുക്കാത്തവരാകട്ടെ വന്നതിന് ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും പി സി ആര്‍ പരിശോധനകള്‍ നടത്തുകയും 10 ദിവസത്തേക്ക് സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണമായിരുന്നു. 

എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രകാരം പൂര്‍ണമായും വാക്‌സിനേഷനെടുത്തവരും 18 വയസ്സിന് താഴെയുള്ളവരും യു കെയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടതില്ല. എത്തിച്ചേരുമ്പോള്‍ അവര്‍ പി സി ആര്‍ പരിശോധന നടത്തേണ്ടിവരുപം. എന്നാല്‍ ഫലം കാത്തിരിക്കുമ്പോള്‍ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതില്ല. 

വാക്‌സിനേഷനെടുക്കാത്തവര്‍ രണ്ടാം ദിവസവും എട്ടാം ദിവസവും പി സി ആര്‍ പരിശോധന നടത്തുന്നതും പത്തു ദിവസം സ്വയം ഐസൊലേറ്റ് ചെയ്യുന്നതും തുടരണം. യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള പരിശോധന വിദേശത്ത് കുടുങ്ങിപ്പോകുമെന്ന ഭയത്തെ തുടര്‍ന്ന് പലരേയും യാത്ര ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

Other News