ബ്രീട്ടീഷ് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്തു


OCTOBER 30, 2022, 2:52 PM IST

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രിയായിരിക്കെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെന്ന് സംശയിക്കുന്നവരാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതീവ രഹസ്യ രേഖകള്‍ ഉള്‍പ്പെടെ പുടിന്റെ ഏജന്റുമാര്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ലിസിന്റെ അടുത്ത സുഹൃത്തും പിന്നീട് ധനമന്ത്രിയുമായ ക്വാസി ക്വാര്‍ടെങുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് മുതിര്‍ന്ന അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ഒരു വര്‍ഷം വരെ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാബിനറ്റ് സെക്രട്ടറി സൈമണും ഈ വിവരങ്ങള്‍ മറച്ചു വെക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ഷിപ്പ് ക്യാമ്പെയിനിനിടെയാണ് ഫോണ്‍ ചോര്‍ത്തിയ വിവരം കണ്ടെത്തിയത്. 

സംഭവം വിവാദമായതിന് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈബര്‍ ഭീഷണികളെ നേരിടാന്‍ ഗവണ്‍മെന്റിന് ശക്തമായ സംവിധാനങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

Other News