ബ്രിട്ടീഷ് എംപിയെ കൊലപ്പെടുത്തിയ ഐഎസ് ഭീകരന് ജീവപര്യന്തം ജയില്‍


APRIL 14, 2022, 10:44 AM IST

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിഡ് അമെസിനെ കുത്തിക്കൊന്ന കേസില്‍ വിചാരണ നേരിട്ട ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിക്ക് ജീവപര്യന്തം. അലി ഹാര്‍ബി അലിയെ(26) ആണ് ആജീവനാന്ത തടവുശിക്ഷയ്ക്ക് കോടതി വിധിച്ചത്. സിറിയന്‍ വ്യോമാക്രമണത്തെ എംപി പിന്തുണച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയത്.

എംപിയെ കൊന്നതില്‍ മനസ്താപം ഇല്ലെന്നും സിറിയയിലെ വ്യോമാക്രമണത്തെ പിന്തുണച്ച എംപി മരണത്തിന് അര്‍ഹനാണെന്നുമാണ് അലി കോടതിയില്‍ പറഞ്ഞത്. സൗത്ത്എന്‍ഡ് വെസ്റ്റില്‍ നിന്നുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിയായ അമെസ് കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തം മണ്ഡലത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണു കൊല്ലപ്പെട്ടത്. സൊമാലിയന്‍ വംശജനായ അലി 20 തവണ അദ്ദേഹത്തെ കുത്തിയെന്നാണ് കേസ്.

ശിക്ഷയില്‍ പ്രതികരിക്കാനില്ലെന്ന് അമെസിന്റെ കുടുംബം പറഞ്ഞു. തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുകയും സഹായിക്കുകയും ചെയുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്.

കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. ഓരോ ദിവസവും തങ്ങള്‍ പോരാടുകയാണെന്നും കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.

Other News